തിരുവനന്തപുരം: പാലക്കാട് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ഇക്കാര്യമറിയിച്ചത്.
കൊലപാതകത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്‍റ് കെ.എം ഹരിദാസും അറിയിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.
വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ.
ഇതിൽ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ.