'ബി.ജെ.പി അപകടകാരികളെന്ന് കോൺഗ്രസുകാർക്ക് തോന്നും' എ.കെ. ആന്റണിക്ക് മറുപടിയുമായി അനിൽ ആന്റണി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ബി.ജെ.പി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലും ബി.ജെ.പി നമ്പർ വൺ പാർട്ടിയാകും. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദം തെരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയ കളികളാണെന്നും ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് അനിൽ ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും എൻ.ഡി.എക്ക് ശക്തരായ സ്ഥാനാർഥികളുണ്ട്. ഭൂരിഭാഗം പേരും വിജയിക്കും. ബി.ജെ.പി കേരളത്തിലും സർക്കാർ ഉണ്ടാക്കുമെന്ന് അനിൽ ആന്റണി അവകാശപ്പെട്ടു. പാലക്കാട് ശോഭ സുരേന്ദ്രൻ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി അപകടകാരികൾ എന്ന എ.കെ. ആൻറണിയുടെ പ്രസ്താവനയോടും അനിൽ ആന്റണി പ്രതികരിച്ചു. ഓരുത്തർക്കും ഓരോരുത്തരുടെ രാഷ്ട്രീയമുണ്ട്. കോൺഗ്രസിന് ബി.ജെ.പി വലിയ അപകടമാണ്. ഒരു കോൺഗ്രസ് പ്രവർത്തകന് അങ്ങനെയൊക്കെ തോന്നും. എല്ലാ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ലോകത്തെ ഏറ്റവും വലിയ പാർട്ടിയെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനിൽ ആന്റണി പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫിന് ചരിത്ര വിജയമായിരിക്കും. ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ട്. 10 വർഷത്തെ ജനദ്രോഹ നടപടികളിൽ കണക്ക് ചോദിക്കാൻ ജനം തയാറായിട്ടുണ്ട്. കേരളത്തിൽ ഇത്തവണ യു.ഡി.എഫ് തൂത്തുവാരും. മുൻകാലങ്ങളിൽ യു.ഡി.എഫിനെ എതിർത്തവർ എസ്.എഫ്.ഐയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലുള്ളവരും ഇത്തവണ യു.ഡി.എഫിന് കൈകൊടുത്തു. സി.പി.എമ്മിനെ സ്നേഹിക്കുന്നവർ ജനങ്ങൾ തുടർഭരണത്തിന് എതിരാണ്. തുടർഭരണം വന്നാൽ ശവകുഴി തോണ്ടലാവും. അതിനാൽ ഇത്തവണ എല്ലാവരും വോട്ട് മാറ്റിക്കുത്തും. ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ ഇത്തവണ എൽ.ഡി.എഫിനെതിരായി വോട്ട് ചെയ്തിരിക്കും. യു.ഡി.എഫുകാർ മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എൽ.ഡി.എഫുകാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.
ബി.ജെ.പി കേരളത്തിന്റെ മണ്ണിൽ വേരോട്ടമുള്ള പാർട്ടിയല്ല. ബി.ജെ.പി ഇവിടെ പച്ചപിടിക്കാനുള്ള സാധ്യതയില്ല. പാലക്കാട് ബി.ജെ.പി സ്ഥാനാർഥി പണം നൽകി വോട്ടു പിടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

