പാക് ചാരവനിതക്ക് ചുവപ്പ് പരവതാനി വിരിച്ച മന്ത്രി റിയാസിനെ പുറത്താക്കണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരപ്പണി നടഅത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരള സർക്കാർ അതിഥിയാക്കിയത് ദേശീയതലത്തിൽ വിവാദമാക്കി ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയനെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറും പാർട്ടി വക്താവ് ശഹ്സാദ് പൂനാവാലയും കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. ചാരവനിത ജ്യോതി മൽഹോത്രക്ക് കേരള സർക്കാറിന്റെ ചുവപ്പ് പരവതാനി വിരിച്ചുകൊടുത്ത മുഖ്യമന്ത്രി, മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ഭാരത മാതാവിനെ തടയുന്ന കേരളത്തിൽ പാകിസ്താന്റെ ചാരവനിതക്ക് ചുവന്ന പരവതാനി കൊടുക്കുകയാണോ കേരള സർക്കാർ ചെയ്യുന്നതെന്ന് ശഹ്സാദ് പുനാവാല ചോദിച്ചു. പിണറായി വിജയന്റെ മരുമകനായ റിയാസാണ് ജ്യോതി മൽഹോത്രക്ക് താമസം അടക്കമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തത്. അതിനാൽ റിയാസിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി പാക് ചാര വനിതയെ കേരള സർക്കാറിന്റെ അതിഥിയാക്കിയത് അന്വേഷിക്കണമെന്ന് ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടു.
ചാരവൃത്തിക്ക് പിടിയിലായ യുട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
കേരള സർക്കാർ എപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുകയാണ്. ജ്യോതി മൽഹോത്രയെ എന്തുകൊണ്ടാണ് ക്ഷണിച്ചതെന്നും വേറെ ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കണം. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

