Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതം അപകടത്തിലാണെന്ന്...

മതം അപകടത്തിലാണെന്ന് പറഞ്ഞ് ബി.ജെ.പി ഭീതിയുണ്ടാക്കുന്നു, ജനങ്ങൾക്കായി എന്ത് ചെയ്തെന്ന് അവർ പറയില്ല -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
മതം അപകടത്തിലാണെന്ന് പറഞ്ഞ് ബി.ജെ.പി ഭീതിയുണ്ടാക്കുന്നു, ജനങ്ങൾക്കായി എന്ത് ചെയ്തെന്ന് അവർ പറയില്ല -പ്രിയങ്ക ഗാന്ധി
cancel
camera_alt

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിലമ്പൂർ എടക്കരയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു

നിലമ്പൂർ: പൗരന്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന രാഷ്ട്രീയാവസ്ഥയിൽനിന്ന് നുണകളെയും വികാരങ്ങളെയും ഉപയോഗിച്ച് വഴിതിരിച്ചുവിടുന്ന രീതിയിലേക്ക് രാഷ്ട്രീയത്തെ ബി.ജെ.പി മാറ്റിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിലമ്പൂർ എടക്കരയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെ ജനങ്ങളുടെ മതവും ജീവിതാവസ്ഥയും അപകടത്തിലാണെന്ന് പറഞ്ഞ് ബി.ജെ.പി ഭീതി സൃഷ്ടിക്കുകയാണ്. എന്നാൽ, രാജ്യത്തെ ജനങ്ങളുടെ വികസനത്തിന് എന്ത് ചെയ്തുവെന്ന് അവർ പറയില്ല. ജനങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്നോ എങ്ങനെയാണ് ജോലി നൽകുകയെന്നോ വിലക്കയറ്റം എങ്ങനെ പിടിച്ചു നിർത്താമെന്നോ എത്ര പുതിയ സർവകലാശാലകളും സ്കൂളുകളും ആശുപത്രികളും ആരംഭിച്ചുവെന്നോ എവിടെയും പറയില്ല. കാരണം അവർ ഇതൊന്നും ചെയ്തില്ല. ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയും സ്കൂൾ പാഠപുസ്തകങ്ങൾ തിരുത്തി എഴുതുകയും വികാരങ്ങളെ ചൂഷണം ചെയ്യുകയുമാണ് കഴിഞ്ഞ പത്തുവർഷം ഇവർ ചെയ്തത്. വികസനത്തിനോ റോഡുകളും ആശുപത്രികളും നിർമിക്കുന്നതിനോ ജോലികൾ സൃഷ്ടിക്കുന്നതിനോ വിലക്കയറ്റം തടയുന്നതിനോ അവർ യാതൊരു പരിഗണനയും നൽകിയില്ല. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തിനും അവർ പരിഗണന നൽകിയില്ല.

രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വൻ തോതിൽ വർധിച്ചിരിക്കുകയാണ്. സാധാരണക്കാർ ജീവിക്കാൻ ഏറെ പ്രയാസപ്പെടുന്നു. നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വരാണസിയിലെ ജനങ്ങളുടെ എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായി നിങ്ങൾക്കറിയാമോ. വലിയ സ്റ്റേജുകളിൽ വന്നു പ്രസംഗിക്കുകയല്ലാതെ പ്രധാനമന്ത്രി വരാണസിയിലെ ഏതെങ്കിലും സാധാരണക്കാരുടെ വീട്ടിൽ പോയതായോ അവരുടെ എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായോ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ. എൻ്റെ സഹോദരനെ പോലെ ഇത്രയധികം ആക്ഷേപിക്കപ്പെട്ട, നുണകൾ പ്രചരിപ്പിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവിനെ ഈ രാജ്യത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ. സമ്പത്തും അധികാരവും മറ്റെല്ലാ മാർഗവും ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നുണകൾ പടച്ച് ആക്രമിക്കുകയാണ്. ഇത്രയധികം ആക്ഷേപങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം വിനയത്തോടെയും സ്നേഹത്തോടെയും അന്തസോടെയും സഹനത്തോടെയും നേരിട്ട മറ്റൊരു നേതാവിനെ ഞങ്ങൾക്കറിയാമോ.

കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഭാരത് ജോഡോ യാത്രയുമായി അദ്ദേഹം നടന്നത്. നിങ്ങൾ നൽകിയ സ്നേഹവും ഊർജവുമാണ് ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. രാജ്യത്തെ ഓരോ ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹം ഗുവാഹത്തിയിൽ നിന്നും മുംബൈയിലേക്ക് 4000 കിലോമീറ്ററും നടന്നു. ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്ന ശക്തികൾക്കെതിരെയും അവരുടെ നുണകൾക്കെതിരെയും അദ്ദേഹം പ്രതികരിക്കുകയും സത്യം നിങ്ങളോട് വിളിച്ചു പറയുകയും ചെയ്യുന്നു. കാരണം ഈ രാജ്യത്തെ ജനങ്ങളുടെ സ്നേഹത്തിലും ശക്തിയിലും ആത്മാർഥതയിലും അദ്ദേഹം വിശ്വസിക്കുന്നു. ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കുന്ന ബി.ജെ.പി ആശയങ്ങൾക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമായ കേരളത്തിൽ മൂന്നിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.

രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ നരേന്ദ്രമോദി അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ രണ്ട് കോർപറേറ്റുകൾക്ക് നൽകുകയാണ് ചെയ്തത്. കർഷകൻ മാസങ്ങളായി ഡൽഹിയിൽ പ്രതിഷേധിച്ചിട്ടും കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിച്ചിട്ടും പ്രധാനമന്ത്രി തിരിഞ്ഞുപോലും നോക്കിയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ കുറച്ചു വ്യവസായികളുടെ 74 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോഴും ഹാതറസിലും ഉന്നാവോയിലും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും ഒളിമ്പിക്സ് മെഡൽ നേതാക്കൾ ലൈംഗിക അതിക്രമങ്ങൾക്കെതിരെ തെരുവിൽ സമരം ചെയ്തപ്പോഴും രാജ്യം മുഴുവൻ കണ്ടു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മാത്രം അതൊന്നും കണ്ടില്ല. എന്ന് മാത്രമല്ല വേട്ടക്കാരുടെ പക്ഷത്താണ് നരേന്ദ്രമോദി നിലകൊണ്ടത്.

ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്രമോദിക്ക് സ്വന്തം രാജ്യത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യ, ഭരണഘടന വിരുദ്ധമായാണ് ബി.ജെ.പി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്ന മാധ്യമ പ്രവർത്തകരെയും മുഖ്യമന്ത്രിമാരെയും രാഷ്ട്രീയപാർട്ടി നേതാക്കളെയും കള്ളകേസുകളില്‍ കുടുക്കി ബി.ജെ.പി ജയിലിലടക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി പോലും നരേന്ദ്ര മോദിക്കെതിരെ ഒന്നും പറയാതെ രാഹുൽ ഗാന്ധിയെ ആക്രമിക്കുകയാണ്. കാരണം ഒരാൾ സത്യത്തിനു വേണ്ടി പോരാടുമ്പോൾ എല്ലാ ദുഷ്ട ശക്തികളും ഒരുമിച്ച് അദ്ദേഹത്തെ എതിർക്കുമെന്നും രാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി വോട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiBJPLok Sabha Elections 2024
News Summary - BJP creates fear by saying religion is in danger, won't say what they are done for people - Priyanka Gandhi
Next Story