ബി.ജെ.പി കോർ കമ്മിറ്റി യോഗം; നേതൃത്വത്തിന് വിമർശനം
text_fieldsതിരുവനന്തപുരം: ഏകപക്ഷീയമായ തീരുമാനമാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. മുതിർന്ന നേതാക്കളും ഭാരവാഹികളുമായി കൂടിയാലോചനകളില്ല. സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ല. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് ചില അംഗങ്ങൾ യോഗത്തിൽ ഉയർത്തിയത്. ചില നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. ഒരു സംസ്ഥാന നേതാവാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജയസാധ്യത പരിഗണിക്കാതെ ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകിയത് ഈ നേതാവിന്റെ ഇടപെടൽ മൂലമാണെന്നും ആക്ഷേപം ഉയർന്നു.
മുൻകാലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ മത്സരിച്ച് വോട്ട് വർധിപ്പിച്ച പല മണ്ഡലങ്ങളും ഘടകകക്ഷിക്ക് നൽകിയതോടെ വോട്ട് നഷ്ടമായി. മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറായി പ്രചാരണം തുടങ്ങിയ മണ്ഡലങ്ങൾ പോലും ഘടകകക്ഷികൾക്ക് കൈമാറി. ഇതെല്ലാം പാർട്ടിക്കും മുന്നണിക്കും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു. 10 സീറ്റ് പ്രതീക്ഷിച്ച ട്വന്റി-20 ക്ക് 19 സീറ്റ് നൽകിയത് ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനപ്രകാരമാണ്. അതിന്റെ ഗുണമുണ്ടായില്ല. ട്വന്റി-20 ആദ്യം അവതരിപ്പിച്ച രണ്ട് സ്ഥാനാർഥികൾക്ക് വോട്ട് പോലും ഇല്ലാതിരുന്നത് പൊതുജനമധ്യത്തിൽ നാണക്കേടുണ്ടാക്കി. ഘടകകക്ഷി സ്ഥാനാർഥികളിൽ ചിലരുടെ പരാമർശങ്ങളും പ്രതികരണങ്ങളും നാണക്കേടുണ്ടാക്കി.
യു.ഡി.എഫ് തരംഗത്തിലും മൂന്ന് സീറ്റുകളിൽ വിജയിക്കാനായെങ്കിലും വിജയപ്രതീക്ഷയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും പിന്നാക്കം പോയി. പലയിടത്തും മുസ്ലിം വോട്ടുകളുടെ ഏകീകരണം പരാജയകാരണമായി. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്ന് അഭിപ്രായം ഉയർന്നു. കോര് കമ്മിറ്റിക്ക് പിന്നാലെ എൻ.ഡി.എ യോഗം ചേർന്നു. എന്നാൽ ഘടകകക്ഷികളിലെ പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. ഇന്ന് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

