മഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോർജ് സാറിനെ പിടിച്ച് സ്ഥാനാർഥിയാക്കി, നിലമ്പൂരിലെ ബി.ജെ.പി പ്രവർത്തകർ ദുഃഖിതരാണ് -സന്ദീപ് വാര്യർ
text_fieldsമലപ്പുറം: സ്ഥാനാർഥിയെ ഔട്ട്സോഴ്സ് ചെയ്യേണ്ട ഗതികേടിലേക്ക് ബി.ജെ.പി എത്തിയെന്നും അത് നിലമ്പൂരിലെ പ്രവർത്തകരെ ദുഃഖിപ്പിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മഞ്ചേരി -വഴിക്കടവ് ബസിലെ ഏതോ ഒരു ജോർജ് സാറിനെയാണ് ഇപ്പോൾ സ്ഥാനാർഥിയാക്കിയത്. അദ്ദേഹത്തെ ഈ പ്രദേശത്തുള്ളവർക്കൊന്നും അറിയില്ല എന്നാണ് താൻ മനസിലാക്കുന്നത്. ബി.ജെ.പിക്ക് എത്രയോ സീനിയർ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂർ. എന്നിട്ടും പുറത്തുനിന്ന് ഒരാളെ വെക്കേണ്ട ഗതികേടിലാണ് ബി.ജെ.പിയെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി -സി.പി.എ ബാന്ധവം കുറേ കാലമായി കേരള രാഷ്ട്രീയത്തിലുണ്ട്. അത് ഒളിഞ്ഞും തെളിഞ്ഞും പല അവസരത്തിൽ പുറത്തുവന്നിട്ടുള്ളതാണ്. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂർ പൂരം തന്നെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പിക്ക് ജയിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കികൊടുത്തു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തും ആ ബാന്ധവം പരസ്യമായി കണ്ടതാണ്. അതിന്റെ തുടർച്ച നിലമ്പൂരിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതൊന്നും യു.ഡി.എഫിനെ ബാധിക്കില്ലെന്നു സന്ദീപ് വാര്യർ വ്യക്തമാക്കി.
മുൻകേരള കോൺഗ്രസ് നേതാവായിരുന്ന മോഹൻ ജോർജിനെയാണ് ബി.ജെ.പി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. നിലമ്പൂരിൽ അഭിഭാഷകനാണ് മോഹൻ ജോർജ്. നിലവിൽ മോഹൻ ജോർജിന് ബി.ജെ.പി അംഗത്വമില്ല. ഉടൻ ബി.ജെ.പി അംഗത്വമെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പി.വി അൻവറിനെ കണ്ട വിഷയത്തിൽ ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു.
രാഹുൽ സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. താൻ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. രാഹുലും മുന്നണി നേതൃത്വവും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ആ വിഷയം അവിടെ അവസാനിച്ചെന്നു ഷാഫി പറഞ്ഞു.
ഇനിയുള്ള ദിവസങ്ങൾ രാഷ്ട്രീയം പറയാനുള്ള ദിവസങ്ങളാണ്. ആ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള ദിവസങ്ങളാണ്. തെല്ലും അഹങ്കാരമില്ലാതെ തികഞ്ഞ ആത്മവിശ്വസത്തിലാണ് യു.ഡി.എഫ്. അത് ജനങ്ങൾ നൽകുന്ന ആത്മവിശ്വാസമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

