സ്കൂളിൽ ഇഫ്താർ നടത്തുന്നതിൽ പ്രതിഷേധവുമായി ബി.ജെ.പി
text_fieldsചിറ്റൂർ: ഗവൺമെൻറ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെതിരെ ആർ.എസ്.എസ്, -ബി.ജെ.പി നേതാക്കൾ രംഗത്ത്. വെള്ളിയാഴ്ച സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനികളാണ് റമദാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
240 വിദ്യാർഥികളുള്ള പ്ലസ്ടുവിലെ 80 ശതമാനം വിദ്യാർഥിനികളും ഇരുപത്തഞ്ചോളം വരുന്ന മുസ്ലിം വിദ്യാർഥിനികളോടൊപ്പം സ്വമേധയ നോമ്പെടുത്തിരുന്നു. എന്നാൽ വിദ്യാർഥികളെ നിർബന്ധിച്ചാണ് നോമ്പെടുപ്പിച്ചത് എന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജെൻറ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി സ്കൂളിലെത്തിയത്.
എന്നാൽ, വിദ്യാർഥികളെ ഒരു തരത്തിലും നിർബന്ധിച്ചിട്ടില്ലെന്നും അവർ സ്വമേധയ എടുത്ത തീരുമാനമായിരുന്നുവെന്നും പ്രിൻസിപ്പൽ രാജീവ് പറഞ്ഞു.
പ്രിൻസിപ്പലിെൻറ റൂമിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ സ്കൂളിെൻറ നടപടിയെ രൂക്ഷ ഭാഷയിലാണ് ബി.ജെ.പി നേതാക്കൾ വിമർശിച്ചത്. എന്നാൽ നോമ്പെടുക്കലും ഇഫ്താർ വിരുന്നും വിദ്യാർഥിനികൾ സ്വയം എടുത്ത തീരുമാനമാണെന്നുള്ള നിലപാടിൽ സ്കൂൾ അധികൃതർ ഉറച്ചു നിന്നതോടെ രംഗം ശാന്തമായി. വൈകീട്ട് നാലോടെ കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഗവ. സർവൻറ്സ് കോഓപറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തിന് ചിറ്റൂരിലെത്തിയ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്കൂളിലെത്തി. പ്രശ്നങ്ങളൊന്നും പരാമർശിക്കാതെ വിദ്യാർഥിനികളോട് സൗഹൃദ സംഭാഷണം നടത്തി മന്ത്രി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
