ചാവക്കാട് (തൃശൂർ): മണത്തലയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രെൻറ മകൻ ബിജുവാണ് (33) മരിച്ചത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ബൈക്കിലെത്തിയവർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആളുമാറി ആക്രമിച്ചതാണെന്നും സംശയമുണ്ട്. കുത്തേറ്റ് വീണ ബിജുവിനെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ദുബൈയിലായിരുന്ന ബിജു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെൻററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. ദുബൈയിലേക്ക് തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ആക്രമണശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്തും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ. മാതാവ്: തങ്കമണി. ഭാര്യ: റിയ.