'തൃശൂർകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച നടനെ കാണാനില്ല, പൊലീസിലറിയിക്കണം'; സുരേഷ് ഗോപിയെ പരിഹസിച്ച് ബിഷപ് യൂഹന്നാൻ മിലിത്തിയോസ്
text_fieldsതൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരസ്യ പ്രതികരണവുമായി ഓർത്തോഡക്സ് സഭ തൃശ്ശൂര്‍ മെത്രാപ്പോലിത്ത ബിഷപ്പ് യൂഹനോൻ മിലിത്തിയോസ്. ഛത്തീസ് ഗഡിൽ കന്യസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ക്രൈസ്തവർക്കെതിരെ സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന നേരത്തേ വിശ്വാസികൾക്കിടയിൽ വിമർശനം ഉണ്ടായിരുന്നു.
എന്നാൽ സഭയുടെ ഭാഗത്ത് നിന്ന് ആരും ഇതിനെതിരെ ഔദ്യോഗികമായി രംഗത്ത് വന്നിരുന്നില്ല. ഇതിനെ പ്രത്യക്ഷമായി സൂചിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
''ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!''- ബിഷപ്പ് യൂഹാനോൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തുമ്പോഴും ഇത്തരം സംഭവങ്ങളിൽ ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
നേരത്തേ, തൃശൂർ ലോകസഭ വിജയത്തിന് ശേഷം ലൂർദ് മാതാ പള്ളിയിലെത്തി മാതാവിന് സുരേഷ്ഗോപി സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു. അതിന് മുൻപ് ലൂർദ് മാതാവിന് സ്വർണക്കിരീടം സുരേഷ് ഗോപി സമർപ്പിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തിയാണ് പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലെ അരമനയുമായി ക്രൈസ്തവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി ഈ വിഷയത്തിൽ മൗനം പുലർത്തുന്നതാണ് സഭാനേതൃത്വത്തിന് നീരസം ഉണ്ടാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

