കുമളി: കോവിഡ് ആശങ്കക്കിടെ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകെൻറ പിറന്നാൾ ആംബുലൻസ് ലൈറ്റുകളുടെ അകമ്പടിയോടെ സുഹൃത്തുക്കൾ നടുറോഡിൽ കൊണ്ടാടിയത് വിവാദമാകുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിക്കുന്ന കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായ പാസ് പരിശോധനകേന്ദ്രത്തിലെ യുവാക്കളാണ് നിയന്ത്രണം കാറ്റിൽപറത്തി പിറന്നാൾ ആഘോഷിച്ചത്.
ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയായിരുന്നു ആഘോഷം. നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിൽ കയറിനിന്ന് കേക്ക് മുറിക്കുന്നതും ആഘോഷത്തിന് കൊഴുപ്പേകാൻ മൂന്ന് ആംബുലൻസുകൾ കളർ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതും സമൂഹമാധ്യമം വഴി പുറത്തുവന്ന വിഡിയോയിൽ കാണാം.
തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ആളുകൾ ദിനംപ്രതി കടന്നുപോകുന്ന പരിശോധന കേന്ദ്രത്തിൽ, സന്നദ്ധ പ്രവർത്തനത്തിലുള്ള യുവാക്കൾ സമൂഹ അകലമോ കോവിഡ് നിയന്ത്രണമോ പാലിക്കാതെ കൂട്ടംചേർന്ന് നിൽക്കുന്നതും കേക്ക് മുഖത്തുതേച്ച് ആഘോഷിക്കുന്നതുമാണ് വിഡിയോയിലുള്ളത്. രോഗം ബാധിച്ചവർ ഉൾെപ്പടെ കടന്നുപോയ പരിശോധന സ്ഥലത്തുനിന്ന് വീട്ടിലെത്തി അണുവിമുക്തമാക്കണമെന്നാണ് നിർദേശം.