കാട് കാക്കാൻ, കാടിന്റെ മകനായി ബിനു
text_fieldsകോന്നി: ഇലവുങ്കൽ ട്രൈബൽ കോളനിയിൽനിന്ന് പി.എസ്.സി വഴി സർക്കാർ സർവിസിൽ പ്രവേശിക്കുന്ന ആദ്യ വ്യക്തിയായി ബിനു. വനാശ്രിത പട്ടികവർഗക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റിലൂടെയാണ് കോളനിയിലെ പരേതനായ വിജയന്റെയും ഓമനയുടെയും മകനായ ബിനുവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസറായി നിയമനം ലഭിച്ചത്.
സംസ്ഥാനമൊട്ടാകെ 500പേർക്കാണ് ഈ പദ്ധതിയിലൂടെ നിയമന ഉത്തരവ് വനദിനമായ മാർച്ച് 21ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയത്. ജില്ലയിൽനിന്ന് 10 പേരാണ് ഇത്തരത്തിൽ സർവിസിലെത്തുന്നത്.
എഴുത്തുപരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അടുത്തമാസം പരിശീലനം ആരംഭിക്കും. പിശകുകൾ പരിഹരിച്ച് 2021ൽ ഇറക്കിയ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സിയും വനം, പട്ടികവർഗ വികസന വകുപ്പുകളും ചേർന്ന് പ്രത്യേക റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്. പി.എസ്.സി വിജ്ഞാപനം വന്നപ്പോൾ തന്നെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്. റെജികുമാറിന്റെ നിർദേശാനുസരണം സ്റ്റേഷൻ ജീവനക്കാർ കോളനിയിലെ അർഹരായ അപേക്ഷകരെ കണ്ടെത്തി അവരുടെ പേരിൽ പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ ചെയ്തു.
വനാശ്രിത സമൂഹമാണെന്ന് തെളിയിക്കുന്ന റേഞ്ച് ഓഫിസറുടെ സർട്ടിഫിക്കറ്റ്, ജില്ല ട്രൈബൽ ഓഫിസറുടെ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കാൻ സഹായവും നൽകി. സ്റ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ എഴുത്തുപരീക്ഷക്ക് ആവശ്യമായ പരിശീലനം നൽകുകയും എഴുത്തുപരീക്ഷ പാസായ രണ്ടുപേർക്ക് കായികക്ഷമത പരിശീലനം നൽകുകയും ചെയ്തു.ഇതിൽനിന്ന് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ബിനു കഴിഞ്ഞ ദിവസമാണ് കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്. ഹിന്ദു മലവേട സമുദായ അംഗങ്ങൾ താമസിക്കുന്ന കോളനിയാണ് ഇലവുങ്കൽ ട്രൈബൽ കോളനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

