ബിൻസി മനം തുറക്കുന്നതും കാതോർത്ത് രാഷ്ട്രീയ പാർട്ടികൾ
text_fieldsബിൻസി സെബാസ്റ്റ്യൻ ഭർത്താവ് ഷോബി ലൂക്കോസ്, മക്കൾ ആൽബിൻ, എയ്ഞ്ചലീൻ ക്ലെയർ ഷോബി എന്നിവർക്കൊപ്പം
കോട്ടയം: കോട്ടയത്തെ രാഷ്ട്രീയ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം സംക്രാന്തിയിലെ ചാമത്തറ വീടാണ്. അവിടെയാണ് നഗരസഭ ഭരണത്തെ നിശ്ചയിക്കാൻ അവസരം കൈവന്ന ഏക സ്വതന്ത്ര അംഗം ബിൻസി സെബാസ്റ്റ്യൻ താമസിക്കുന്നത്. ചർച്ചകൾ നടത്താൻ ഇരുമുന്നണി നേതാക്കളും മാറിമാറി ഈ വീട്ടിലെത്തുന്നുണ്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ എന്നിവർ വീട്ടിലെത്തി ചർച്ചകൾ നടത്തി. എൽ.ഡി.എഫ് ജോസ് കെ.മാണിയെ മുൻനിർത്തിയും ചർച്ചകൾ നടത്തി. കോൺഗ്രസ് കുടുംബത്തിൽനിന്നുള്ള ആളായതിനാൽ ബിൻസിയെ കേരള കോൺഗ്രസ് എം വഴി എൽ.ഡി.എഫിെൻറ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ജോസ് കെ.മാണി വിഭാഗത്തിനും അതു െകാണ്ട് നേട്ടമാകും. ചെയർപേഴ്സൻ സ്ഥാനം ആവശ്യപ്പെടുന്ന ബിൻസിക്ക് ആ പദവി നൽകി ഭരണം പിടിച്ചെടുക്കാൻ ഇരുമുന്നണിയും തയാറാണ്.
യു.ഡി.എഫിെൻറ കൈയിലിരുന്ന നഗരസഭ ഭരണം ഏതുവിധേനയും പിടിച്ചെടുക്കുക എന്നത് എൽ.ഡി.എഫിനും തങ്ങളുടെ നഗരസഭ വിട്ടുകൊടുക്കാതിരിക്കുക എന്നത് യു.ഡി.എഫിനും അഭിമാനപ്രശ്നമാണ്. അതിനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.
എന്നാൽ, ബിൻസി ഇതുവരെ മനസ്സുതുറന്നിട്ടില്ല. 21ന് സത്യപ്രതിജ്ഞക്കുശേഷമേ തീരുമാനമുണ്ടാവൂ എന്നാണ് ബിൻസിയുടെ നിലപാട്. തെൻറ വിജയത്തിനുവേണ്ടി പ്രവർത്തിച്ച കോൺഗ്രസുകാരടക്കം പ്രവർത്തകരെ തള്ളിപ്പറയാനും ബിൻസി ഈ അവസരത്തിൽ തയാറായിട്ടില്ല.
വാർഡിലെ ജനങ്ങളുടെ തീരുമാനത്തിന് വിധേയമായേ തീരുമാനമെടുക്കൂ എന്നാണ് മാധ്യമപ്രവർത്തകരോടുള്ള ഇവരുടെ പ്രതികരണം.
നഗരസഭ 52ാം വാർഡിൽനിന്ന് (ഗാന്ധിനഗർ സൗത്ത്) കോൺഗ്രസ് വിമതയായാണ് ബിൻസി മത്സരിച്ചുജയിച്ചത്. ഭർത്താവ് ഷോബി ലൂക്കോസ് കോൺഗ്രസ് വാർഡ് പ്രസിഡൻറായിരുന്നു. വാർഡ് വനിത സംവരണമായതോടെ ബിൻസിയെ നിർത്തി പ്രചാരണം തുടങ്ങിയ ശേഷമാണ് കോൺഗ്രസ് ബിൻസിയുടെ സ്ഥാനാർഥിത്വം അംഗീകരിക്കാതെ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയത്. അതോടെ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഷോബിയെ പാർട്ടിയിൽനിന്നും ഭാരവാഹിത്വത്തിൽനിന്നും പുറത്താക്കി. 22 സീറ്റുകളുമായി എൽ.ഡി.എഫ് ആണ് നിലവിൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസുകാരിയായതിനാൽ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കോൺഗ്രസിെൻറ പ്രതീക്ഷ.
എന്നാൽ, വാർഡ്തല കമ്മിറ്റിയിൽ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിട്ടും അത് അവഗണിച്ച് ഔദ്യോഗിക സ്ഥാനാർഥിയെ നിർത്തിയ വാശി ബിൻസിക്കുമുണ്ട്. മാത്രമല്ല, 21 സീറ്റുകൾ കൈയിലുള്ള യു.ഡി.എഫിനൊപ്പം പോയാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചില്ലെങ്കിൽ ചെയർപേഴ്സൻ പദവി നഷ്ടമാവും. എട്ടു വോട്ടുകൾക്കാണ് ബിൻസി ജയിച്ചത്. യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥിക്ക് പുറമെ ബി.ജെ.പി, എസ്.ഡി.പി.ഐ, എൽ.ഡി.എഫ് സ്വതന്ത്ര എന്നിവരും വാർഡിൽ മത്സരിക്കാനുണ്ടായിരുന്നു. എൽ.ഡി.എഫ് സ്വതന്ത്ര രണ്ടാംസ്ഥാനത്തും യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി നാലാമതുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

