‘പി.എം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചതില്‍ ഗൂഢാലോചന’; കേന്ദ്രനേതൃത്വത്തിന് ബിനോയ് വിശ്വത്തിന്റെ കത്ത്
text_fieldsബിനോയ് വിശ്വം
തിരുവനന്തപുരം: സി.പി.ഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് മുന്നണിയുടെ പ്രവര്‍ത്തനത്തിനുപോലും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതില്‍ ഗൂഢാലോചനയുണ്ട്. മതേതരവിദ്യാഭ്യാസത്തിലും ഫെഡറല്‍ ഘടനയിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണിത്. ദേശീയതലത്തില്‍പ്പോലും ഇടതുപാര്‍ട്ടികളുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണിത്. അതിനാല്‍, ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറിയുമായടക്കം ചര്‍ച്ചചെയ്ത് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെട്ട മുന്നണിയുടെ തത്ത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണിത്. എല്‍.ഡി.എഫിനെയും സി.പി.ഐ ഉള്‍പ്പെടെയുള്ള അതിന്റെ ഘടകകക്ഷികളെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനാധിപത്യ പ്രസ്ഥാനത്തെയും ഇരുട്ടില്‍നിര്‍ത്തിയുള്ള നടപടിയാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. ബി.ജെ.പി സര്‍ക്കാരുമായി തത്ത്വാധിഷ്ഠിതമല്ലാത്ത രീതിയില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തിടുക്കംകൂട്ടുന്നവര്‍ മതേതരവിദ്യാഭ്യാസത്തിന്റെയും ഫെഡറല്‍ തത്ത്വങ്ങളുടെയും പ്രതിരോധത്തിനായുള്ള നമ്മുടെ ദേശീയപോരാട്ടത്തെ ദുര്‍ബലപ്പെടുത്തും.
ആര്‍.എസ്.എസ് അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ദേശീയവിദ്യാഭ്യാസ നയം. ഇത്രയും ഗുരുതര വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇന്ത്യയിലെ ഇടതുപക്ഷത്തിനുമുന്നില്‍ വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്. കാരണം രാജ്യത്ത് ഇടതുപക്ഷം നയിക്കുന്ന ഏക സര്‍ക്കാറാണ് കേരളത്തിലേതെന്നും കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

