‘എന്താണ് പിന്നെ കൂട്ടുത്തരവാദം, എന്ത് സർക്കാരാണിത്, കസേരയിൽ കടിച്ചു തൂങ്ങില്ല’; തുറന്നടിച്ച് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഇടത് സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് വാർത്താസാമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്. എന്ത് സർക്കാരാണിതെന്നും എന്താണ് പിന്നെ കൂട്ടത്തരവാദമെന്നും ബിനോയ് വിശ്വം ചോദിച്ചു. പദ്ധതിയിൽ നിന്ന് ഇനി പിന്നോട്ട് പോകുമോ എന്ന് സർക്കാർ പറയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
ജി.ആർ. അനിൽ മന്ത്രിസഭാംഗമാണ്. സി.പി.ഐയുടെ സെക്രട്ടേറിയറ്റ് അംഗമാണ്. പി.എം ശ്രീ വിഷയം ഈ മന്ത്രി അറിയില്ല. ഏറ്റവും ഒടുവിൽ ചേർന്ന മന്ത്രിസഭ യോഗത്തിലും പി.എം ശ്രീയിൽ സി.പി.ഐ വിയോജിപ്പ് ഉന്നയിച്ചിരുന്നു. സത്യാവസ്ഥ എന്താണെന്നും സി.പി.ഐ മന്ത്രിമാർ ചോദിച്ചു. ഒരു മന്ത്രിക്കുള്ള അവകാശമാണത്. എന്നാൽ മന്ത്രിസഭയിലെ ഒരാളും ഉത്തരം പറഞ്ഞില്ല.
എന്ത് സർക്കാരാണിത്. എന്താണ് പിന്നെ കൂട്ടത്തരവാദം. പദ്ധതിയിൽ നിന്ന് ഇനി പിന്നോട്ട് പോകുമോ എന്ന് സർക്കാർ പറയട്ടെ. ശൈലി മാറിയില്ലെങ്കിൽ അപ്പോൾ നോക്കാം. മന്ത്രിമാരെ പിൻവലിക്കുന്ന കാര്യം 27ന് തീരുമാനിക്കും. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു മന്ത്രിയും പാർട്ടി തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ കസേരയിൽ കടിച്ചു തൂങ്ങില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അറിയിക്കേണ്ട കാര്യങ്ങൾ ഒന്നും മുന്നിയിലെ മറ്റ് പാർട്ടികളെ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല എൽ.ഡി.എഫ് മുന്നോട്ടു പോകേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത്രയേറെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷയം മുന്നണിയെ അറിയിക്കാത്തതിന്റെ യുക്തിയും രാഷ്ട്രീയവും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രവാർത്തകൾ അല്ലാതെ പി.എം ശ്രീയുമായി ബന്ധപ്പെട്ട ധാരണപത്രം എന്താണെന്നോ അതിൽ ഒപ്പിടുമ്പോൾ കേരളത്തിന് കിട്ടിയ വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്നോ എന്നതിൽ സി.പി.ഐ ഇരുട്ടിലാണെന്നും ബിനോയ് തുറന്നടിച്ചു.
ഇടതു സർക്കാർ അങ്ങേയറ്റം ഗൗരവമുള്ള ഒരു ഉടമ്പടിയുടെ ഭാഗമാവുമ്പോൾ ‘കരാറുകൾ എന്താണെന്നറിയാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ട്. അറിയാനും അറിയിക്കാനുമുള്ള വേദിയാണ് എൽ.ഡി.എഫ്. എവിടെയും ചർച്ച ചെയ്യാതെയും ആരോടും ആലോചിക്കാതെയും ഇത്രയും ഗൗരവമേറിയ വിഷയത്തിൽ ഇടതു സർക്കാറിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അറിയില്ല.
ഒപ്പുവെച്ചതിന്‍റെ പിറ്റേ നിമിഷം കേന്ദ്ര സർക്കാർ അതിനെ പുകഴ്ത്തുന്നുവെന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. എ.ബി.വി.പിയും ബി.ജെ.പിയും ഇടതുസർക്കാറിനെ വാഴ്ത്തി രംഗത്തെത്തുന്നതും കണ്ടു. കേവലം അധികാര സംവിധാനമായല്ല, സി.പി.ഐ എൽ.ഡി.എഫിനെ കാണുന്നത്. അഞ്ചു കൊല്ലമോ 10 കൊല്ലമോ അധികാരത്തിനുള്ള ഭരണ ഉപാധിയായി മുന്നണിയെ സി.പി.ഐ കാണുന്നില്ലെന്നും ബിനോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

