ഒടുവിൽ ആശ സമരത്തിൽ സി.പി.ഐ കുറ്റസമ്മതം: ‘സമരത്തെ കൈകാര്യം ചെയ്തത് വീഴ്ച, സമരങ്ങളെ പുച്ഛത്തോടെ കണ്ടു, അപഹസിച്ചു’
text_fieldsതിരുവനന്തപുരം: ആശസമരത്തെ സർക്കാർ കൈകാര്യം ചെയ്തത് വീഴ്ചയായെന്ന വിമർശനവുമായി സി.പി.ഐ. എന്നാൽ, സമരം നേരിടുന്നതിൽ പിഴവുണ്ടായി എന്ന സംസ്ഥാന സെക്രട്ടറിയുടെ കുറ്റസമ്മതത്തിന് തെരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നുവെന്നതാണ് കൗതുകം.
200 ദിവസത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തെ സി.പി.എം നേതാക്കളും മന്ത്രിമാരുമടക്കം പരിഹസിച്ചപ്പോഴും നിശ്ശബ്ദമായിരുന്നു സി.പി.ഐ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമെന്ന നിലപാടിലേക്കെത്താൻ ബിനോയ് വിശ്വത്തിന് കഴിഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം സർക്കാറിനെ കൊണ്ടോ മുന്നണിയെ കൊണ്ടോ സമ്മതിപ്പിക്കാനോ നിലപാട് തിരുത്തിക്കാനോ സി.പി.ഐക്ക് കഴിഞ്ഞില്ല. ആശമാർക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം സ്വീകരിച്ചതാണ് ഇടതുനിലപാടെന്ന വ്യഖ്യാനത്തിനും സി.പി.ഐയുടെ ഈ പരിമിതി ഇടവരുത്തിയിരുന്നു. സ്വാഭാവികമായും സി.പി.എമ്മിനെ പോലെ തന്നെ തന്നെ തെരഞ്ഞെടുപ്പിൽ സി.പി.ഐക്കും ആശ സമരം പരിക്കേൽപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് ഇടതുമുന്നണിയുടെ പൊതു സമീപനത്തിൽ പരസ്യവിമർശനമുന്നയിക്കാൻ സി.പി.ഐ തയ്യാറായത്. സ്വഭാവികമായും ഈ വിമർശനങ്ങളുടെ മുന നീളുന്നത് സി.പി.എമ്മിലേക്കുമാണ്. ആശ സമരം കൈകാര്യം ചെയ്തത് വലതുപക്ഷ സർക്കാറിനെ പോലെയാകാൻ പാടില്ലെന്നതായിരുന്നു പാർട്ടി സെക്രട്ടറിയുടെ പരാമർശങ്ങളിലൊന്ന്. തൊഴിലാളി സമരങ്ങളെയെല്ലാം പുച്ഛത്തോടെ കാണുകയും അപഹസിക്കുകയും ചെയ്യുന്ന സമീപനമുണ്ടായിട്ടുണ്ടെന്നും ബിനോയ് തുറന്നടിക്കുന്നു. ഇതെല്ലാം ജനങ്ങളെ അകറ്റിയെന്നും ബിനോയ് വ്യക്തമാക്കി.
സി.പി.ഐക്ക് ഇപ്പോഴാണ് തിരിച്ചറിവുണ്ടായതെങ്കിലും ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ കാലത്ത് തൊഴിലാളി സമരങ്ങൾ മാത്രമല്ല, ജനകീയ സമരങ്ങളും പൊതു പ്രക്ഷോഭങ്ങളുമെല്ലാം അവഗണിക്കുന്ന സമീപനമായിരുന്നു. 2017ൽ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം മുതൽ ഏറ്റവും ഒടുവിൽ ആശമാരുടെയും റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം വരെ നീളുന്ന നിണ്ട അവഗണനയുടെ പരമ്പര ഇക്കാര്യത്തിൽ ചൂണ്ടിക്കാനുണ്ട്.
‘പ്രതിഷേധത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു, കുടുംബത്തിന് അതിൽ നിന്ന് എന്ത് നേട്ടമുണ്ടായി’ എന്ന ചോദ്യമായിരുന്നു മഹിജയുടെ നിരാഹാര സമരത്തെ കുറിച്ച് മുഖ്യമന്ത്രി ഉന്നയിച്ചത്. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിഷേനുകൾ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടികുത്തി സമരം ചെയ്യുകയും ശയനപ്രദക്ഷിണമടക്കം നടത്തുകയും ചെയ്തിട്ടും സർക്കാർ മുഖം കൊടുത്തിരുന്നില്ല.
തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്; വ്യക്തിപൂജയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളില്ലെന്ന് ബിനോയ് വിശ്വം
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പെന്ന് വിലയിരുത്തി സി.പി.ഐ. തോൽവിയുടെ കാരണം കണ്ടെത്തുമെന്നും പിഴവുകൾ തിരുത്തി തിരിച്ചുവന്നേ മതിയാകൂവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റെന്നും വ്യക്തിപൂജയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളില്ലെന്നും പിണറായി വിജയനുമായി ബന്ധപ്പെട്ട വിമർശനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇടതുപക്ഷം തകരട്ടേയെന്നും മുടിയട്ടേയെന്നും കേരളം പറയില്ല. അവർ സ്നേഹപൂർവം മുന്നറിയിപ്പ് നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നോട്ട് പോകും. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടായേ തീരൂ. മതനിരപേക്ഷതയും ജനാധിപത്യവും പൗരാവകാശവും എല്ലാം വെല്ലുവിളിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. സി.പി.എം പറയുന്നത് സാങ്കേതിക കാരണങ്ങളാണ്. സാങ്കേതികത്വങ്ങൾ പലതും മാറേണ്ടത് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ല. താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞതുകൊണ്ട് കാര്യമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അതല്ലെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

