ജാതിവാദം പിന്തുടരുന്നവർ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിക്കുന്നു; മുസ്‌ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ ബന്ധമില്ലെന്ന് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: മുസ്‌ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സി.പി.ഐക്ക് ബന്ധമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യപ്പസംഗമത്തിന്റെ ഭാഗമായി അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്‍റെ കാറിൽ കയറ്റിയത് വലിയ വിവാദമായിരുന്നു. പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരോക്ഷ വിമർശനം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് പറയുന്നവർ ജാതീയത പറയുന്നു എന്ന് പറഞ്ഞ ബിനോയ് വിശ്വം, ജാതിവാദം തെറ്റാണെന്നും പറഞ്ഞു.
'ശ്രീനാരായണഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ട് പോകുന്നവർ, ഒരിക്കലും ഗുരു അംഗീകരിക്കാത്ത ആശയം പറഞ്ഞുകൊണ്ട്, ജാതിവാദത്തിന്റെ കൊടിക്കൂറ ഇവിടെ പറപ്പിക്കാൻ ശ്രമിക്കുന്നവർ. അവരുമായി കാറിനകത്തുവെച്ചോ കാറിന് പുറത്തുവെച്ചോ ബന്ധമുണ്ടാക്കാൻ സി.പി.ഐക്ക് താത്പര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാൻ പോകുന്നില്ല.' -ബിനോയ് വിശ്വം പറഞ്ഞു.
ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്ന് മറന്നുപോകാൻ പാടില്ല. ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പോലെ ഈ ജാതിവാദം കേരളത്തിൽ അന്ധമായ ഇസ്‌ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സി.പിഐ ഒരിക്കലും വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. നാളെയും വെള്ളപൂശില്ല.' -ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ പലതവണ നടത്തിയ വെള്ളാപ്പള്ളിയെ തള്ളാതിരുന്നതിന് പിന്നാലെയാണ് പിണറായി വിജയൻ അദ്ദേഹത്തെ കാറിൽ കയറ്റിയതും. ഇപ്പോൾ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സി.പി.എമ്മിനും സി.പി.ഐക്കും ഇടയിൽ നിലനിൽക്കെയാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

