നെഹ്‌റു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സതീശനെ ചൂലെടുത്ത് അടിച്ചേനെ: രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി ദേശീയ വർക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം. സ്വന്തം രാഷ്ട്രീയ പാളിച്ചകൾ മൂടിവെക്കാനും തെറ്റുകളെ ന്യായീകരിക്കാനും കോൺഗ്രസും സതീശനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് കവചമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ വി.ഡി. സതീശനെ തീർച്ചയായും ചൂലെടുത്ത് അടിച്ചേനെ എന്നും അദ്ദേഹം പരിഹസിച്ചു.
നെഹ്‌റുവിന്റെ യഥാർഥ ആശയങ്ങളെയും പാരമ്പര്യത്തെയും പൂർണമായും തള്ളിപ്പറയുന്ന നിലപാടുകളാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. നെഹ്‌റൂവിയൻ കോൺഗ്രസ് ഒരിക്കലും സങ്കൽപ്പിക്കാത്ത വഴികളിലൂടെയാണ് സതീശന്റെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസ് സഞ്ചരിക്കുന്നത്. കോൺഗ്രസിന്റെ തെറ്റുകൾ ഒളിച്ചുവെക്കാനുള്ള വെറുമൊരു മറയല്ല നെഹ്‌റുവെന്ന് നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, ജനങ്ങൾക്കിടയിലുണ്ടായ തിരിച്ചടികളെ ഗൗരവകരമായ ആത്മപരിശോധനയോടെ കാണാൻ ഇടതുപക്ഷവും തയ്യാറാകണമെന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. വീഴ്ചകളെ അതിന്റെ പൂർണ്ണ ഗൗരവത്തിൽ തന്നെ കാണാൻ സാധിക്കണം. തളിപ്പറമ്പ്, പയ്യന്നൂർ, പുന്നപ്രയുടെ മണ്ണായ അമ്പലപ്പുഴ എന്നിവിടങ്ങളിൽ നേരിട്ട തിരിച്ചടികൾ പാഠമാകണം. സാധാരണക്കാരുടെയും പാർട്ടി സഖാക്കളുടെയും ലളിതമായ ആവശ്യങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കേൾക്കാനും പരിഗണിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് ഇടതുപക്ഷം സ്വയം വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം സാക്ഷ്യം വഹിച്ച ഐതിഹാസികമായ വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആയുധങ്ങൾക്ക് പകരം പുസ്തകങ്ങളും സമൂഹമാധ്യമങ്ങളിലെ ആശയവിനിമയ സാധ്യതകളും സമരായുധമാക്കിയ വിദ്യാർഥികൾ, സമാധാനപരമായ പ്രക്ഷോഭങ്ങളുടെ പുതിയ മുഖമാണ് ലോകത്തിന് കാണിച്ച് തന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

