‘ചതിയൻ ചന്തു എന്ന പേരും തൊപ്പിയും ആയിരംവട്ടം ചേരുക ആ തലക്ക്’; വെള്ളാപ്പള്ളിക്കെതിരെ തുറന്നടിച്ച് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയും സി.പി.എമ്മും നൽകുന്ന സംരക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞും തുറന്നടിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫെന്നും ചതിയൻ ചന്തു എന്ന പേരും തൊപ്പിയും ആയിരം വട്ടം ചേരുക ആ തലക്കാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ‘അദ്ദേഹത്തെ കണ്ടാൽ ഞാൻ ചിരിക്കും, ചിലപ്പോൾ കൈ കൊടുക്കും, പക്ഷേ കാറിൽ കയറ്റില്ല’ എന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒന്നിച്ചുള്ള കാർ യാത്രയെയടക്കം മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുമ്പോഴാണ് സി.പി.ഐയുടെ ഈ വിയോജിപ്പും വിമർശനവും.
എൽ.ഡി.എഫിലെ പാർട്ടികൾക്ക് മാർക്കിടാനുള്ള ചുമതലയൊന്നും ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. ഇനി എൽപ്പിക്കാനും പോകുന്നില്ല. വെള്ളാപ്പള്ളി അല്ല എൽ.ഡി.എഫിന്റെ മുഖം. അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളിയെ കാറിൽ കൊണ്ടുവന്നത് ന്യൂനപക്ഷങ്ങൾ അകലാൻ ഇടയാക്കി എന്ന നിലയിൽ നേതൃയോഗത്തിൽ വിമർശനമുണ്ടായതും ബിനോയ് വിശ്വം സ്ഥിരീകരിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റുകാർ വിശ്വാസങ്ങളെ ആദരിക്കുന്നവരാണ്. യഥാർഥ വിശ്വാസിക്ക് ഒപ്പവുമാണ്. വിശ്വാസങ്ങളെ പവിത്രമായി കാണുന്നവരും അന്യമത വിദ്വേഷം കാണാത്തവരുമാണ് യഥാർഥ വിശ്വാസികൾ. എല്ലാ മതങ്ങളിലും കോർപറേറ്റ് തള്ളിക്കയറ്റത്തിന്‍റെ ഭാഗമായി യഥാർഥ വിശ്വാസികളല്ലാത്താവർ ഉയർന്നു വരുന്നുണ്ട്.
ജനങ്ങളെ ഭിന്നിപ്പിക്കാനും നേട്ടം കൊയ്യാനുമായി കോർപറേറ്റ് കൊള്ളക്കാർ അവർ എല്ലാ മതങ്ങളിലും തലപൊക്കുകയാണ്. മത തീവ്രവാദത്തിന്റെ ആളുകളാണ് അവർ. അവരോട് കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും ഒരു ബന്ധവുമില്ല. മതതീവ്രവാദം മതമല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. യഥാർഥ വിശ്വാസിയായി വെള്ളാപ്പള്ളിയെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനും ബിനോയ് വിശ്വം തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

