ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറി
text_fieldsആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എ.ഐ.ടി.യു.സി വർക്കിങ് പ്രസിഡന്റുമാണ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. രണ്ട് അസി. സെക്രട്ടറിമാരെയും സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളെയും പാർട്ടി കോൺഗ്രസിനുശേഷം തീരുമാനിക്കും. നേരത്തെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുക്കുകയായിരുന്നു.
വിമർശനങ്ങൾ സജീവമായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമവായനീക്കമാണ് തടസ്സങ്ങളൊഴിവാക്കി സെക്രട്ടറി, സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് ഐകകണ്ഠമാക്കിയത്. ജില്ലകളിലെ പ്രതിനിധികൾ വെവ്വേറേ യോഗം ചേർന്ന് ക്വോട്ടപ്രകാരം കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ഈ പട്ടിക സമ്മേളന പ്രതിനിധികൾ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി. രാജയാണ് സെക്രട്ടറിയായി ബിനോയിയുടെ പേര് നിർദേശിച്ചത്. എല്ലാവരും കൈയടിച്ച് ഇത് അംഗീകരിച്ചു.
തൃശൂർ പൂരംകലക്കൽ വിഷയം ഒഴിവാക്കിയും ലോക്കപ്പ് മർദനം ഉൾപ്പെടെ ഗുരുതര ആരോപണം നേരിടുന്ന പൊലീസിനെ പുകഴ്ത്തിയും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ സെക്രട്ടറിയടക്കമുള്ള നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. അധികാരത്തിലേറ്റിയ അടിസ്ഥാന ജനവിഭാഗങ്ങളെ മറന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനെതിരെയും ആക്ഷേപമുയർന്നു. മൂന്നാം ഇടതുസർക്കാറിനായി രംഗത്തിറങ്ങാൻ സമ്മേളനം ആഹ്വാനംചെയ്തു. ഇടതു പൊലീസ് നയം അട്ടിമറിക്കുന്ന സേനാംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ഗവർണർപദവി വേണമോ എന്നതിൽ പുനരാലോചന ഉണ്ടാകണമെന്നും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കമ്യൂണിസ്റ്റ് പുനരേകീകരണത്തിനും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഐക്യപ്പെടാനും ആഹ്വാനം ചെയ്ത് സി.പി.ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനം 103 അംഗ സംസ്ഥാന കൗൺസിലിനെയും 11 കാൻഡിഡേറ്റ് അംഗങ്ങളെയും 100 പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഒമ്പത് കൺട്രോൾ കമീഷൻ അംഗങ്ങളെയും തെരഞ്ഞെടുത്തു. വിമതചേരിയിലെ ഇ.എസ്. ബിജിമോൾ, കെ.കെ. ശിവരാമൻ, മീനാങ്കൽ കുമാർ എന്നിവരെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി.
കമ്യൂണിസ്റ്റ് ഭരണത്തിൽ ലോക്കപ്പ് മർദനം അഭിലഷണീയമല്ല -ബിനോയ് വിശ്വം
ആലപ്പുഴ: വീറോടെ, അചഞ്ചലമായി പാർട്ടിയെ മുന്നോട്ടുനയിക്കുമെന്നും അടിമുടി സംഘടനാപരമായിത്തന്നെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ലോക്കപ്പ് മർദനം കൂടുന്നതിലെ പാർട്ടി നിലപാട് ചോദിച്ചപ്പോൾ, ലോക്കപ്പ് മർദനം ഒരുതരത്തിലും പാർട്ടി അംഗീകരിക്കുന്നില്ല. ലോക്കപ്പിൽ അടിയും ഇടിയും കൊണ്ട് ചോര തുപ്പിയവരാണ് കമ്യൂണിസ്റ്റുകാരിൽ പലരും. കമ്യൂണിസ്റ്റ് ഭരണത്തിൽ ലോക്കപ്പ് മർദനം അഭിലഷണീയമല്ല. അതിന് നേതൃത്വം കൊടുക്കുന്നവരെ സർക്കാർ കണ്ടെത്തി ശിക്ഷിക്കുമെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

