പിണറായിക്കുനേരെ ബിനീഷ് കോടിയേരിയുടെ ഒളിയമ്പ്
text_fieldsകണ്ണൂർ: തനിക്കുനേരെ കേസുകൾ വന്നപ്പോൾ അച്ഛൻ ഒരിക്കലും പാർട്ടിയെ കവചമാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. എല്ലാം ചിരിച്ചുനേരിടുകയാണ് കോടിയേരി ചെയ്തതെന്നും ബിനീഷ് ഓർമപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ദിനത്തിൽ സമൂഹമാധ്യമ കുറിപ്പിലാണ് പിണറായി വിജയന് നേരെ ബിനീഷിന്റെ ഒളിയമ്പ്.
പിണറായിയുടെ മകൾ വീണക്കുനേരെയുള്ള ഇ.ഡി നീക്കത്തെ പ്രതിരോധിക്കാൻ ഇറങ്ങിയ പാർട്ടി നേതൃത്വത്തെയാണ് ബിനീഷ് പരോക്ഷമായി വിമർശിക്കുന്നത്. എല്ലാം സ്വയം നേരിടണമെന്ന പക്ഷക്കാരനായിരുന്നു കോടിയേരിയെന്നും അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ടെന്നും അക്കാര്യം തലയുയര്ത്തി തനിക്ക് പറയാന് പറ്റുമെന്നും ബിനീഷ് പറയുന്നു.
‘ഇ.ഡി കേസിന്റെ തുടക്കത്തിലേ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്. ‘നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല , ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം, പാർട്ടി അതിന് മറുപടി പറഞ്ഞാൽ പാർട്ടിക്ക് എതിരെ എതിരാളികൾക്ക് ആക്രമിക്കാൻ ഇത് എപ്പോഴും ആയുധമാവും എത്രത്തോളം വിശദീകരിക്കുന്നുവോ അത്രത്തോളം അത് ചർച്ച ആവും. അതുകൊണ്ട് നീ നിരപരാധിയെങ്കിൽ നീ തന്നെ അത് തെളിയിക്കണം.
ഒരു പിന്തുണയും നിനക്ക് ഉണ്ടാവില്ല, ജയിലിൽ കിടക്കുന്ന എന്നോട് ഫോണിൽ ഇത് പറയുമ്പോൾ അച്ചന്റെ ഉള്ളിൽ എന്തായിരിക്കും എന്ന് ഇപ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്....!!! ഇത്രയും കേസുകൾ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനാവാതെ അതിനെ ചിരിച്ചു കൊണ്ട് നേരിടുകയാണ് കോടിയേരി ചെയ്തത്.... മുകളിൽ പറഞ്ഞ ഇത്രയൊക്കെ കേസുകൾ വന്നപ്പോഴും ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല, എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി. ഞാൻ എന്റെ ജീവിതത്തിൽ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയർത്തി എനിക്ക് പറയുവാൻ പറ്റും.
ഞാൻ ജയിലിൽ കിടക്കുന്ന ഘട്ടത്തിൽ അച്ഛനെ തേടി ചിലരെത്തി.. സംഘപരിവാറിന്റെ ദൂതുമായി. പ്രശ്നങ്ങൾ എല്ലാം തീർക്കാം
മകന് ജാമ്യം കിട്ടാനുളള വഴിതെളിയും പക്ഷെ ഒരു ചെറിയ ഒത്തുതീർപ്പ് വേണം ഇലക്ഷൻ കാലമാണല്ലോ... ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളുടെ ആഗമനോദ്യേശം വ്യക്തമായിരുന്നു. ജയിലിൽ കിടക്കുന്ന മകനെ പകരം തന്നാൽ പാർട്ടിയേയും , പാർട്ടിക്കൊപ്പം
നിൽക്കുന്ന ലക്ഷങ്ങളേയും വഞ്ചിച്ച് അവരുടെ ഒാഫർ സ്വീകരിക്കാൻ അയാൾ തയ്യാറാകുമെന്ന മൗഢ്യം കൊണ്ട് നടക്കുന്ന അവരെ, അയാൾ ഒന്ന് ഇരുത്തി നോക്കി. ഇഡിയെ കണ്ടാൽ പേടിച്ച് ബിജെപിയിൽ ചേരുന്ന കോൺഗ്രസ് നേതാക്കളെകണ്ട് ശീലിച്ച അവർ ആ ശീലം വെച്ച ചെന്ന് കയറിയ ഇടം തെറ്റി പോയി. ആർഎസ്എസിന് കീഴ്പ്പെട്ട് കൊണ്ടുളള സമാധാനമോ , സഹവർത്തിത്തമോ ഒരിക്കലുമാഗ്രിഹിച്ചില്ലാത്ത അയാൾ ഒറ്റവാക്കേ പറഞ്ഞുളളു. ‘നിങ്ങളുമായി കൈകൊടുത്താലേ എന്റെ മകൻ ജയിലിൽ നിന്ന് ഇറങ്ങു എങ്കിൽ അവൻ ആജീവനാന്തം ജയിലിൽ കിടക്കട്ടെ എന്നേ ഞാൻ കരുതു...!!’
എന്നോട് അതിനെക്കുറിച്ചു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്ക് ഇതായിരുന്നു “ എടാ നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യേണ്ടുന്ന ഒന്നല്ല രാഷ്ട്രീയം ”. ഒരു മകനെന്ന നിലയിലും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലും എനിക്ക് എന്റെ ഹീറോ അച്ഛനെ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു നിമിഷം. .. അതാണ് എന്റെ അച്ഛൻ. മകന്റെ പ്രാണനേക്കാൾ അവന്റെ കാരഗൃഹ വാസത്തേക്കാൾ അച്ഛന് വലുത് അച്ഛന്റെ പാർട്ടിയെയാണ് !!!!
അത്തരം ഒരച്ഛന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കാതെ ഇരിക്കുന്നതെങ്ങനെ !!!! ജയിലിൽ നിന്നിറങ്ങി വീട്ടിലേക്ക് വന്ന എന്നെ കാത്ത് വീടിന്റെ ഉമ്മറത്ത് കോടിയേരി ഉണ്ടായിരുന്നു. കീമോ ചെയ്ത് കറുത്ത് പോയ അച്ഛന്റെ ശുഷ്ക്കിച്ച കൈകൊണ്ട് ആ ഉമ്മറത്ത് വെച്ച് എന്നെ അച്ഛൻ ഒന്ന് ചേർത്ത് പിടിച്ചു. ഏതാനും നിമിഷങ്ങളേ അത് നീണ്ട് നിന്നുളളു. മരുന്ന് താങ്ങാൻ ശേഷിയില്ലാത്ത ഇഞ്ചക്ഷൻ സൂചി കുത്താൻ ഒരിടവും ബാക്കിയില്ലാത്ത ആ കൈത്തണ്ടക്ക് ഉരുക്കിനേക്കാൾ ബലമുണ്ടായിരുന്നു, അന്നേരം ആ നിമിഷം ഞാൻ അറിഞ്ഞ ആ ബലം !!
ആ ബലം മതി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ഇനിയങ്ങോട്ടുളള അയാളുടെ ജീവിതത്തിന്റെ ഏത് തീചൂളയും താണ്ടാൻ ... കേൾവി ഉറച്ച പ്രായം മുതൽ എതിരാളികൾ വൈരാഗ്യത്തോടെയും പാർട്ടിപ്രവർത്തകർ ആവേശത്തോടെയും പറയുന്ന പേരായിരുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണന്റെത് അത് തന്നെയാണ് 69 പുരുഷായുസ്.
പിന്നിട്ട ആ കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ഒസ്യത്ത് മരണം മുന്നിൽ കണ്ടപ്പോഴൊന്നും വഴിമാറി പോയില്ല... ചാവുവഴികൾ തിരക്കി ചെന്നു മുന്നിലൂടെയും, പിന്നിലൂടെയും വന്ന ഒരായുധത്തേയും പേടിച്ചില്ല. വാക്കായും, വാചകമായും കുത്തി നോവിച്ച അരോചക ബഹളത്തേയും ആർപ്പായും, ആരാധനയായും വന്ന് പതിച്ച മുദ്രവാക്യങ്ങളും, ഒരേ നിസംഗതയോടെ കണ്ടു. രണ്ടിനും അധികം ആയുസുണ്ടാവില്ല എന്ന തത്വചിന്തയാണ് എന്റെ അച്ഛന്റെ ജീവിതം എനിക്ക് കാട്ടിതരുന്നത്. ലോകം ഒരു അരങ്ങാണെന്നും, ഇന്നത്തെ ആർപ്പുവിളിയും ഇന്നലത്തെ അധിക്ഷേപവും തിരശ്ശീല വീഴുമ്പോൾ ഒരുപോലെ നിശ്ശബ്ദമാകുമെന്നും അദ്ദേഹം അറിഞ്ഞിരുന്നു’ -ബിനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

