ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: നടപടിക്ക് പൊലീസ്; വിടാതെ ഇ.ഡി
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി അവസാനിപ്പിക്കാതെ പൊലീസും വിവാദം ഗൗനിക്കാതെ ഇ.ഡിയും. ഇ.ഡി നടപടി ചോദ്യം ചെയ്ത് ബിനീഷിെൻറ കുടുംബം നിയമനടപടി തുടങ്ങി.
ബിനീഷിെൻറ ഭാര്യാപിതാവ് പ്രദീപ് കോടതിയിലും എൻഫോഴ്സ്മെൻറ് ഡയറക്ടർക്കും പരാതി നൽകി. രാത്രി ഒമ്പതിന് തെൻറ ഭാര്യയെയും മകളെയും പിഞ്ചുകുഞ്ഞിനെയും മാത്രം ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലാക്കി പോകാൻ നിർദേശിച്ചെന്നും മടങ്ങിവന്ന തന്നെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും ഭാര്യയെയും മകളെയും മാനസികവും ശാരീരികവുമായി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നുമാണ് പരാതി. ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുകയാണ് ഇ.ഡി വൃത്തങ്ങൾ.
ബിനീഷിെൻറ മകളെ ബുദ്ധിമുട്ടിച്ചെന്ന പരാതിയിൽ ബാലാവകാശ കമീഷൻ നൽകിയ ഉത്തരവിൽ പൊലീസ് നടപടിയെടുത്തിട്ടില്ല. ബിനീഷിെൻറ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇ.ഡി റെയ്ഡിനിടെയായിരുന്നു ബാലാവകാശ കമീഷൻ ഇടപെടൽ. ബിനീഷിെൻറ കുഞ്ഞിനുള്ള അവകാശങ്ങൾ നിഷേധിച്ചെന്ന പരാതിയിൽ കമീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ നേരിട്ട് വീട്ടിലെത്തിയിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമീഷൻ സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയിരുന്നു. ഉത്തരവ് രേഖാമൂലം ലഭിച്ചാൽ പരാതിക്കാരുടെ മൊഴിയെടുത്തശേഷം തുടർനടപടി തീരുമാനിക്കാനാണ് പൊലീസ് ശ്രമം.
കോടതി ഉത്തരവുമായാണ് പരിശോധന നടത്തിയതെന്നും നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും ഇ മെയിലൂടെ ഇ.ഡി പൊലീസിന് മറുപടി നൽകിയിരുന്നു. പക്ഷേ, പരാതിയിൽ പറഞ്ഞ ആരോപണങ്ങള്‍ക്ക് ഇതേവരെ വ്യക്തമായ മറുപടി വന്നിട്ടില്ലെന്നാണ് പൊലീസ് നിലപാട്.