ബിനീഷ് കോടിയേരിക്ക് കുരുക്കായത് അനൂപ് മുഹമ്മദിൻെറ മൊഴി
text_fieldsബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് കുരുക്കായത് പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിെൻറ മൊഴി. ആഗസ്റ്റ് 21ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നൽകിയ മൊഴിയിൽ തെൻറ ഹോട്ടൽ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് േകാടിയേരി നൽകിയെന്നായിരുന്നു മൊഴി. എന്നാൽ, ഇതുസംബന്ധിച്ച് ബിനീഷിനെ ചോദ്യം ചെയ്തതോടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തി.
അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി അനിഘ, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരുടെ അറസ്റ്റിന് പിന്നാലെ കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടിമാരടക്കമുള്ളവരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയേതാടെയാണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ബംഗളൂരുവിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എൻ.സി.ബിയും ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്ന മയക്കുമരുന്ന് കേസുകളിലെ ഹവാല ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
2015 മുതൽ 2020 ആഗസ്റ്റ് വരെയുള്ള കാലയളവിൽ അനൂപ് മുഹമ്മദിെൻറ അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിൽ 30 ലക്ഷം രൂപ കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് ലഭിച്ചത്. ഇൗ പണത്തിെൻറ ഉറവിടം സംബന്ധിച്ച് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അനൂപിനെ ആദ്യം ചോദ്യം ചെയ്ത ഇ.ഡി പിന്നീട് ഒക്ടോബർ ആറിന് ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഒാഫിസിൽ വിളിച്ചുവരുത്തി ആറു മണിക്കൂർ വിശദമായി ചോദ്യം ചെയ്തു.
അനൂപിെൻറ ലഹരി ഇപാടുകളെ കുറിച്ച് അറിയില്ലെന്നും ഹോട്ടൽ ബിസിനസിനായാണ് ആറു ലക്ഷം രൂപ രണ്ടു തവണയായി താൻ അനൂപിന് കടം നൽകിയതെന്നും ബിനീഷ് മൊഴി നൽകി. താൻ ബിനീഷിനോടാണ് പണം ആവശ്യപ്പെട്ടതെന്നും തെൻറ അക്കൗണ്ടിലെത്തിയ പണത്തിെൻറ സ്രോതസ്സിനെ കുറിച്ച് അറിയില്ലെന്നുമാണ് അനൂപ് നൽകിയ മൊഴി. വീണ്ടും അനൂപിനെയും ബിനീഷിനെയും ചോദ്യം ചെയ്ത ഇ.ഡി ബിനീഷിനെതിരായ കുരുക്ക് മുറുക്കുകയായിരുന്നു. അനൂപിെൻറ ഹോട്ടൽ ബിസിനസിെൻറ മറവിൽ മയക്കുമരുന്ന് ഇടപാടുകൾക്കായി വൻതോതിൽ കള്ളപ്പണം ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.