രേഖകൾ ഇ.ഡി കൊണ്ടുവന്നതെന്ന് ബിനീഷിെൻറ കുടുംബം; ഉദ്യോഗസ്ഥരുമായി തർക്കം
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്കുശേഷം സ്റ്റേറ്റ്മെൻറ് ഒപ്പിടുന്നത് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം. രേഖകളിൽ ചിലത് ഇ.ഡി കൊണ്ടുവന്നതാണെന്ന ആരോപണം ബിനീഷിെൻറ കുടുംബാംഗങ്ങൾ ഉന്നയിച്ചതാണ് കാരണം. ഒപ്പിടില്ലെന്ന നിലപാട് കുടുംബാംഗങ്ങൾ സ്വീകരിച്ചതോടെ ഉദ്യോഗസ്ഥർ രാത്രി വൈകിയും വീട്ടിൽ തങ്ങി. ആവശ്യമെങ്കില്‍ നിയമസഹായം തേടുമെന്നും കുടുംബം ഇ.ഡിയെ അറിയിച്ചു.
ബിനീഷിെൻറ വീടുകളിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലുമടക്കം എട്ടിടങ്ങളിലായിരുന്നു പരിശോധന. ബിനീഷിനെ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ തന്നെ ഇവിടെ താമസിച്ചിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെൻററിന് സമീപത്തെ ഫ്ലാറ്റിലേക്ക് മാറിയിരുന്നു. അറസ്റ്റിന് പിന്നാലെ ബിനീഷിെൻറ കുടുംബവും മാറി. ഉദ്യോഗസ്ഥരെത്തി മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ബിനീഷിെൻറ ഭാര്യയും ബന്ധുക്കളും മരുതൻകുഴിയിലെ വീട്ടിലെത്തിയത്. അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാറും എത്തി. രാത്രി ഏഴോടെയാണ് പരിശോധന പൂർത്തിയായത്.
കണ്ടെത്തിയെന്ന നിലയിൽ ഉദ്യോഗസ്ഥർ കാണിച്ച പല രേഖകളും അവർ കൊണ്ടുവന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, സാക്ഷികളുണ്ടെന്ന് ഉദ്യോഗസ്ഥർ വാദിച്ചതോടെയാണ് തർക്കമായത്.