വൈസ് ചാൻസലർ നിയമനം സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള ബിൽ സഭയിൽ; ഗവർണറെ വെട്ടാൻ
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം സർക്കാറിന്‍റെ പൂർണ നിയന്ത്രണത്തിലാക്കാനും ചാൻസലറായ ഗവർണറുടെ അധികാരം നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ നിയമസഭയിൽ. ബിൽ ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്‍റെ തടസ്സവാദം തള്ളിയാണ് സ്പീക്കർ അവതരണാനുമതി നൽകിയത്. ബിൽ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു.
ബിൽ ഭരണഘടനാവിരുദ്ധമല്ലെന്നും വൈസ് ചാൻസലർ നിയമനം കുറ്റമറ്റതാക്കാനാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സഭയിൽ പറഞ്ഞു. വി.സി നിയമനത്തിനായി രൂപവത്കരിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന അഞ്ചംഗ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങൾ നൽകുന്ന പാനലിൽനിന്ന് ചാൻസലർ വി.സിയെ നിയമിക്കണം എന്നത് 2018ലെ യു.ജി.സി െറഗുലേഷന് വിരുദ്ധമാണെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ലെന്നും പരിശോധനാകോടതിയിൽ ഇത് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മൂന്ന് അംഗങ്ങളുടെ കാര്യമാണ് യു.ജി.സി െറഗുലേഷനിൽ പറയുന്നതെന്നും മറ്റ് അംഗങ്ങൾ ആരായിരിക്കണമെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. ഇതിൽ സംസ്ഥാനത്തിന് നിയമനിർമാണത്തിന് അധികാരമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശപ്രകാരമാണ് നിയമനിർമാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.ജി.സി െറഗുലേഷൻ കേന്ദ്ര സർവകലാശാലകൾക്കും കോളജുകൾക്കും കൽപ്പിത സർവകലാശാലകൾക്കും മാത്രമാണ് നിർബന്ധമെന്നും സംസ്ഥാനത്തിന്‍റെ പരിധിയിലുള്ള സർവകലാശാലകൾക്ക് െറഗുലേഷൻ, നിർദേശക സ്വഭാവത്തിൽ മാത്രമുള്ളതാണെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു.
സെർച്ച് കമ്മിറ്റി അംഗബലം അഞ്ചാക്കാൻ വ്യവസ്ഥ
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗബലം മൂന്നിൽനിന്ന് അഞ്ചാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവർക്ക് പുറമെ സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും അംഗമാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
നേരേത്ത സമിതി കൺവീനറെ ചാൻസലർ നിയമിച്ചിരുന്നെങ്കിൽ ബില്ലിൽ കൗൺസിൽ വൈസ് ചെയർമാനെ കൺവീനറാക്കാനാണ് വ്യവസ്ഥ. വി.സി നിയമന പ്രായപരിധി 65 വയസ്സാക്കണം. കമ്മിറ്റി കാലാവധി മൂന്ന് മാസവും ചാൻസലർ നീട്ടിനൽകുന്നത് പ്രകാരം ഒരുമാസവും കൂടി അനുവദിക്കും. ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനലിൽനിന്നാകണം വി.സിയെ നിയമിക്കേണ്ടത്. ഏതെങ്കിലും കമ്മിറ്റി അംഗം പാനൽ സമർപ്പിക്കാതിരുന്നാലും വി.സി നിയമനം സാധുവായിരിക്കുമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും.
ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല -ഗവർണർ
തിരുവനന്തപുരം: ഏത് ബിൽ പാസാക്കിയാലും അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ താൻ അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭക്ക് ബിൽ പാസാക്കാൻ അധികാരമുണ്ട്.
ഏത് ബിൽ പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നടപടികളോ വൈസ് ചാൻസലർ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീര്‍ക്കുകയാണ്. രാഷ്ട്രീയ നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ താനെടുത്ത നടപടി കോടതിയും ശരിെവച്ചതായാണ് മനസ്സിലാക്കുന്നതെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

