റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങി വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
text_fieldsവൈറ്റില: കൊച്ചി വെണ്ണലയില്‍ റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങി വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മരട് ഇടയത്ത് വീട്ടില്‍ എരൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇ.പി. അനില്‍കുമാർ ചികിത്സയിലാണ്.
വെല്‍ഡിങ് ജോലികള്‍ ചെയ്തുവരുന്നയാളാണ് അനില്‍കുമാര്‍. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ മാതാവിനെ മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം എരൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി രാത്രി ഇന്നലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഇലക്ട്രിക് പോസ്റ്റില്‍ നിന്നും തൂങ്ങിക്കിടന്ന കേബിള്‍ക്കുരുക്കില്‍ ബൈക്കിന്‍റെ ഹാന്‍ഡില്‍ ഉടക്കുകയും നിയന്ത്രണം തെറ്റി ബൈക്ക് മറിയുകയുമായിരുന്നു. ഇതോടെ അനില്‍കുമാര്‍ തെറിച്ചുവീണു. ഹെല്‍മെറ്റ് ഊരിത്തെറിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ് ചെവിയിലൂടെ ചോര ഒലിച്ച നിലയിലായ അനില്‍കുമാറിനെ സമീപത്തുണ്ടായിരുന്നവര്‍ ഉടനെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കേബിള്‍ കുരുക്ക് ഒഴിവാക്കാന്‍ ഹൈകോടതി ഇടപെടലുണ്ടായിട്ടും കൊച്ചിയില്‍ അലക്ഷ്യമായികിടക്കുന്ന കേബിളുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തത് നിരന്തരം അപകടങ്ങൾക്കിടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

