റോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ യുവാവിനെ രക്ഷിച്ചത് കാർ യാത്രികർ
text_fieldsപട്ടിക്കാട്: റോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. ഞായറാഴ്ച പുലർച്ച 2.45ന് പട്ടിക്കാട് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. പൂപ്പലത്തുള്ള ഓഫിസിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്.
പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിന് തൊട്ടടുത്തായി 100 മീറ്റർ അകലെ കുറുക്കൻ റോഡിന് കുറുകെ ഓടി. ഈ സമയത്ത് ബൈക്കിന്റെ സ്പീഡ് കുറച്ചു. വീണ്ടും പോകാനാഞ്ഞപ്പോൾ കുറുക്കന്റെ പിറകെ അപ്രതീക്ഷിതമായി പൊന്തക്കാട്ടിൽനിന്ന് ചാടിയെത്തിയ പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ഫിയാസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാട് സംഭവിച്ചു.
റോഡിൽ വീണുകിടന്ന ഫിയാസിനെ ബൈക്കിന് തൊട്ടുപിന്നാലെ വന്ന കാർ യാത്രികരാണ് രക്ഷപ്പെടുത്തിയത്. മൈസൂരുവിലേക്ക് വിനോദയാത്ര പോകുകയായിരുന്ന പൊന്നാനി സ്വദേശികൾ കാറിന്റെ ഹോൺ നിർത്താതെ മുഴക്കിയാണ് പുലിയെ തുരത്തി യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത പ്രദേശമായ മണ്ണാർമലയിൽ നിരവധി തവണ പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുള്ള്യാകുർശ്ശി ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

