കഴക്കൂട്ടം: വാഹന പരിശോധനക്കിടെ നിർത്താതെ പോകാൻ ശ്രമിച്ച ബൈക്ക് ഇടിച്ച് എസ്.ഐക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കഠിനംകുളം എസ്.ഐ രതീഷ് കുമാറിനാണ് (40) പരിക്കേറ്റത്. രാത്രി 7.30ന് ചാന്നാങ്കരയിലാണ് സംഭവം.
ചാന്നാങ്കര ജങ്ഷനിൽ എസ്.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിച്ചു. ഈ ബൈക്ക് എസ്.ഐയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
റോഡിൽ തലയിടിച്ച് വീണ എസ്.ഐയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിച്ചുവീഴ്ത്തിയ ബൈക്കിലുള്ളവർ നിർത്താതെ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും സി.സി.ടി.വി കാമറകൾ പരിശോധിക്കുകയാണെന്നും കഠിനംകുളം പൊലീസ് അറിയിച്ചു.