കോട്ടയം: കൊല്ലാട് മലമേൽക്കാവ് ക്ഷേത്രത്തിനുസമീപം റോഡരികിൽ നിർത്തിയിട്ട ബൈക്ക് തീ വെച്ചുനശിപ്പിച്ച നിലയിൽ. കൊല്ലാട് പ്രജീഷ് ഭവനിൽ പ്രജീഷിെൻറ പൾസർ ബൈക്കാണ് കത്തിച്ചത്. ഞായറാഴ്ച രാവിലെ ഓടിക്കുന്നതിനിടയിൽ കേബിൾ പൊട്ടി നിന്നുപോയ ൈബക്ക് മലമേൽക്കാവ് ക്ഷേത്രത്തിെൻറ ആർച്ചിന് സമീപംവെച്ച് പ്രജീഷ് വീട്ടിലേക്കുപോയി.
തിങ്കളാഴ്ച പുലർച്ച ഇതുവഴി എത്തിയ നാട്ടുകാരാണ് ബൈക്ക് കത്തിയനിലയിൽ കണ്ടത്. തുടർന്ന് ഈസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. നിർത്തിയിട്ട സ്ഥലത്തുനിന്ന് മാറിയാണ് ബൈക്ക് കിടന്നത്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് നാലുപേർ ബൈക്ക് ഓടിച്ചുപോകാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബൈക്ക് കടത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കത്തിക്കുകയായിരുന്നുവെന്ന് നിഗമനം. കൊല്ലാട് പാറക്കൽ കടവ് സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്തു.