ബിജു രമേശ് ഹാജരാക്കിയത് എഡിറ്റ് ചെയ്യാത്ത ഫോണ്‍ സംഭാഷണരേഖയെന്ന് സർക്കാർ
text_fieldsകൊച്ചി: ബാർ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണരേഖ എഡിറ്റ് ചെയ്യാത്തതാണെന്ന് സർക്കാർ ഹൈകോടതിയിൽ. കേസന്വേഷണം അതിവേഗം പുരോഗമിക്കുകയാണെന്നും പൂർത്തീകരണത്തിന് കുറച്ചുകൂടി സമയം വേണമെന്നും അറിയിച്ചു. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അന്വേഷണ പുരോഗതി അറിയിക്കാൻ ഉത്തരവിട്ട കോടതി കേസ് രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്ന് വിജിലന്‍സ് അന്വേഷണസംഘം രണ്ടുതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയാണുണ്ടായതെന്നും ഇത് നിയമപരമല്ലെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് മാണി ഹരജി നൽകിയത്.
സംഭാഷണത്തിൽ ഏർപ്പെട്ടവരുടെ ശബ്ദരേഖ പരിശോധനയടക്കം ചില നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോഴ കൊടുത്തെന്ന് ബിജു രമേശ് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് കോടതി ഇതിനിടെ ആരാഞ്ഞു. ഇല്ലെന്നായിരുന്നു സര്‍ക്കാറിെൻറ മറുപടി. ശബ്ദരേഖയില്‍ പണം വാഗ്ദാനം ചെയ്യുന്നതായോ പണം സ്വീകരിച്ചതായോ പറയുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തെളിവുണ്ടെങ്കില്‍ അന്തിമ റിപ്പോർട്ടില്‍ ഇക്കാര്യങ്ങളുമുണ്ടാവണം. സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമായിരിക്കണം ഇക്കാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് രണ്ടാഴ്ച സമയം അനുവദിച്ച് കേസ് മാറ്റിയത്.