ബാർകോഴ കേസ് പിൻവലിക്കാൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്‍ദാനം ചെയ്തു - ബിജു രമേശ്
text_fields
കോട്ടയം: കെ.എം മാണിക്കെതിരരായ ബാര്‍ കോഴ കേസ് പിൻവലിക്കാൻ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തുവെന്ന് ബാറുടമ ബിജു രമേശ്. പണം വാഗ്‍ദാനം ചെയ്തപ്പോള്‍ തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്‍ദാനം ചെയ്തത്. തനിക്ക് ഫോണ്‍ വന്നതിന് സാക്ഷികളുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴ ആരോപണം ഉന്നയിച്ചത് തെറ്റാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണണമെന്നാവശ്യപ്പെട്ട് ജോസ്.കെ മാണി ബന്ധപ്പെട്ടിരുന്നു. എന്ത് ഓഫറിനും തയാറെന്ന് നേരിട്ട് പറഞ്ഞെന്നും ബിജു രമേശ് പറയുന്നു.
ആരോപണം ഉന്നയിച്ചതിന്‍റെ രണ്ടാം ദിവസം ജോൺ കല്ലാട്ടിന്‍റെ ഫോൺ വന്നു. മാധ്യമങ്ങളോട് എന്ത് പറയണമെന്ന് ജോൺ കല്ലാട്ട് മെയിൽ അയച്ച് തന്നു. ഇക്കാര്യമെല്ലാം അന്വേഷിച്ചാൽ വ്യക്തമാകും. കേസ് പിൻവലിച്ചിെലങ്കിൽ തകർക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
അടൂർ പ്രകാശുമായി ഉള്ളത് കുടുംബപരമായ അടുപ്പം മാത്രമാണ്. തന്‍റെ കൂടെ നിന്ന പലരെയും ജോസ് പണം നൽകി ചാക്കിട്ട് പിടിച്ചു.
ആരോപണത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ജോസ് കെ.മാണി പറയുന്നത്. ഇത് ശരിയല്ല. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എന്നിവരുമായാണ്. ബാർ വിഷയം കൊണ്ടുവന്നില്ലെങ്കിൽ കെ.എം മാണി എൽ.ഡി.എഫിലേക്ക് വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
കേസ് ഇല്ലായിരുന്നുവെങ്കിൽ കെ.എം മാണി മുഖ്യമന്ത്രിയാവുമായിരുന്നുവെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കില്‍ ബാറുകളും തുറന്ന് കിട്ടുമായിരുന്നു. എൽ.ഡി.എഫിന് അഴിമതിക്കാരെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ലായിരുന്നു. യു.ഡി.എഫ് സർക്കാർ ബിസിനസുകാരെ കറവപശുവിനെ പോലെയാണ് കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ചു വാങ്ങി. എന്നാൽ എൽ.ഡി.എഫ് സർക്കാറിൽ നിന്നും ഇതുവരെ അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുന്നതോടെ പഴയ രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.
ബിജു രമേശിന്‍റെ ആരോപണത്തെ ജോസ് കെ. മാണി നിഷേധിച്ചു. കെ.എം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശിന്‍റെ പുതിയ ആരോപണമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അന്ന് തന്‍റെ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്കുന്നു. ബിജു രമേശ് ഇപ്പോൾ രംഗത്തെത്തിയതിന്‍റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.