രശ്മി വധം: ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു
text_fieldsകൊച്ചി: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിൽ സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനെയും അമ്മ രാജമ്മാളിനെയും ഹൈകോടതി വെറുതെവിട്ടു. കുടുംബവഴക്കിനെത്തുടർന്ന് രശ്മിയെ ബിജു രാധാകൃഷ്‌ണൻ തലക്കടിച്ചും മദ്യം കുടിപ്പിച്ചും അബോധാവസ്ഥയിലാക്കിയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണകോടതി ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് എ.എം. ബാബു എന്നിവരുടെ വിധി.
ബിജുവിന് ജീവപര്യന്തവും അമ്മക്ക് മൂന്നുവർഷം തടവുമാണ് വിചാരണകോടതി ശിക്ഷിച്ചത്. 2006 ഫെബ്രുവരി മൂന്നിന് രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാൽ, യഥാർഥ മരണകാരണം എന്താണെന്ന് വ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിയിൽ പറയുന്നു.
കൊലപാതകം നടക്കുമ്പോൾ മൂന്നര വയസ്സുണ്ടായിരുന്ന ബിജു-രശ്മി ദമ്പതികളുടെ മകെൻറ മൊഴി എട്ട് വർഷത്തിനുശേഷം 11ാം വയസ്സിലാണ് രേഖപ്പെടുത്തിയതെന്നതിനാൽ നിയമപരമായി നിലനിൽക്കില്ല. രശ്മിയുടെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിയെ കാര്യങ്ങൾ പഠിപ്പിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുട്ടികളുടെ മൊഴി പ്രധാന തെളിവായി സ്വീകരിക്കുമ്പോൾ പൂരകങ്ങളായി മറ്റു തെളിവുകളുണ്ടാകണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. സംഭവം നടന്നപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥെൻറ വീഴ്ചയാണ്.
രശ്മിയെ എളുപ്പം ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്നും മരണം സ്ഥിരീകരിച്ചതോടെ മുങ്ങിയെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുവെങ്കിലും കൊലപാതകമാണ് നടന്നതെന്നതിന് നേരിട്ട് തെളിവില്ല. രശ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് പറയുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കുന്നതുപോലും ഏഴുവർഷം കഴിഞ്ഞാണ്. രശ്മിയെ ആശുപത്രയിലാക്കി ബിജു മുങ്ങിയെന്നും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നുമുള്ളത് സാഹചര്യത്തെളിവാണ്. എന്നാൽ, പൊലീസ് അക്കാലത്ത് ഇതൊന്നും പരിശോധിച്ചില്ല.
രശ്മിയുടെ വായിലേക്ക് പ്രതി ബലമായി മദ്യം ഒഴിച്ചുനൽകിയെന്നും ഗാർഹിക പീഡനത്തിന് ഇരയായിരുന്നെന്നും പറയുന്നുണ്ടെങ്കിലും ശരീരത്തിൽ പാടുകളോ അടയാളങ്ങളോ ഇല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിചാരണകോടതി കണ്ടെത്തലുകൾ തള്ളിയ ഡിവിഷൻബെഞ്ച് സംശയത്തിെൻറ ആനുകൂല്യം നൽകി പ്രതികളെ വെറുതെവിടുകയായിരുന്നു.