കൃഷി പഠിക്കാനായി ഇസ്രായേലിലെത്തി മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും
text_fieldsതിരുവനന്തപുരം:കൃഷിയെ കുറിച്ച് പഠിക്കാനായി കേരളത്തിൽ നിന്ന് ഇസ്രായേലിൽ എത്തിയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യനെ കണ്ടെത്തി. ബിജു തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് സഹോദരൻ പറഞ്ഞതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബിജു കോഴിക്കോട്ടെത്തുമെന്നും സഹോദരൻ പറഞ്ഞു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽ നിന്ന് മുങ്ങിയതെന്നാണ് കണ്ണൂർ സ്വദേശിയായ ബിജുവിന്റെ വാദം.
സംഘത്തിൽ നിന്ന് മുങ്ങിയ ബിജു ജറൂസലമിലേക്കും പിന്നീട് ബെത് ലഹേമിലേക്കും പോയി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബെത് ലഹേമിൽ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് സംഘത്തോടൊപ്പം ചേർന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചത്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്ന് കണ്ടെത്തി.
സംഘത്തിനൊപ്പമുണ്ടായിരുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ ബി. അശോക് സെക്രട്ടറി വിവരം ഇസ്രായേൽ എംബസിയിലും വിവരം അറിയിച്ചു. സംസ്ഥാന സർക്കാരിനെയും കാര്യങ്ങൾ ധരിപ്പിച്ചു. ഒരാഴ്ചയായി ബിജുവിനായി ഇസ്രായേൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
അതിനിടെ, താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ട എന്നും പറഞ്ഞ് ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. സംഘത്തിൽ നിന്ന് മുങ്ങിയ ബിജുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. അതിനിടെ, കൃഷിമന്ത്രി പി. പ്രസാദിനോട് ബിജു കുര്യൻ ക്ഷമാപണം നടത്തിയതായും റിപ്പോർട്ടിലുണ്ട്. ബിജുവിനൊപ്പം പോയ സംഘം നാട്ടിൽ തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

