ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കും; കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടില്ല -മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മൂൻകൂട്ടി ആസൂത്രണം ചെയ്താണ് അദ്ദേഹം ഇസ്രായേലിൽ തങ്ങിയതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ മുൻകൈയെടുത്ത് നൽകിയ വിസയായതിനാലാണ് റദ്ദാക്കാൻ നടപടി തുടങ്ങിയത്. ആളെ കണ്ടെത്താനായില്ലെന്ന പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തെ കാണാതായത് സംബന്ധിച്ച് കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടില്ല. ബിജുവിനെക്കുറിച്ച് സർക്കാറിന് ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. സുരക്ഷിതനാണ്, അന്വേഷിക്കേണ്ടതില്ല എന്ന് അദ്ദേഹം വീട്ടിലുള്ളവരെ അറിയിച്ചതായി സഹോദരൻ അറിയിച്ചിരുന്നു.
ഒരാൾ യാത്രാസംഘത്തിൽനിന്ന് മുങ്ങിയെന്ന് കരുതി കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ നേരിട്ടറിയാനുള്ള യാത്രകൾ അവസാനിപ്പിക്കില്ല. കൃഷിരീതിയിലെ മാറ്റം പഠിക്കാൻ തമിഴ്നാട്ടിൽ പോയാൽ പോരേ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. വൃക്ഷങ്ങൾക്ക് സെൻസർ ഏർപ്പെടുത്തുന്ന രീതിയുൾപ്പെടെ അത്യാധുനിക കാർഷിക പരിഷ്കരണമാണ് ഇസ്രായേലിൽ നടപ്പാക്കുന്നത്. ഇസ്രായേൽ കൃഷിരീതി മുതലമട ഫാമിൽ കാര്യക്ഷമമായി ഉപയോഗിക്കാനും മെച്ചമുണ്ടാക്കാനും സാധിക്കും. സന്ദർശിച്ചവരും കാർഷിക മേഖലയിലെ വിദഗ്ധരും കർഷകരും ഒന്നിച്ചിരുന്ന് ഏതെല്ലാം കാര്യങ്ങൾ നടപ്പാക്കാൻ പറ്റുമെന്ന് ആലോചിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യും.
വിയറ്റ്നാം ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കൂടുതൽ സംഘങ്ങളെ അയക്കും. നിയമസഭയുടെ ബജറ്റ് സെഷനായതുകൊണ്ടാണ് താൻ ഇസ്രായേലിൽ പോകാതിരുന്നത്. മുഖ്യമന്ത്രി പോകേണ്ടെന്ന് പറഞ്ഞത് വാർത്ത മാത്രമാണ്, വസ്തുതയല്ല. അടുത്ത ബാച്ചിൽ ആ സമയത്തെ സൗകര്യം പോലെയാകും പങ്കെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

