'ദൃശ്യം -3 ൽ മൃതദേഹം കണ്ടെടുത്തേക്കാം, ഞാൻ നടപ്പാക്കിയ ദൃശ്യം -4 ൽ മൃതദേഹം കണ്ടെടുക്കാൻ കഴിയില്ല'; തൊടുപുഴ കൊലപാതകത്തിൽ പ്രതി ജോമോന്റെ കോൾ റെക്കോഡ് പുറത്ത്
text_fieldsകൊല്ലപ്പെട്ട ബിജു, പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബിജുവിന്റെ മൃതദേഹം മാൻഹോളിൽനിന്ന് പുറത്തേക്ക് എത്തിക്കുന്നു (ഫയൽ)
തൊടുപുഴ: ബിസിനസ് പങ്കാളിത്ത തർക്കത്തെ തുടർന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോഡ് പുറത്ത്.
തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ജോമോൻ ജോസഫ് പലരെയും ഫോണിൽ വിളിച്ച് 'ദൃശ്യം -4' നടപ്പാക്കിയെന്ന് പറയുന്ന ഫോൺ രേഖകളാണ് പൊലീസിന് ലഭിച്ചത്. 'ദൃശ്യം മൂന്നിൽ ഒരു പക്ഷേ മൃതദേഹം കണ്ടെടുത്തേക്കാം, ഞാൻ നടപ്പാക്കിയ ദൃശ്യം നാലിൽ മൃതദേഹം കണ്ടെടുക്കാൻ പൊലീസിനോ മറ്റോ കഴിയില്ല' എന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
ശബ്ദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തുമെന്നും ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ ജോമോന്റെ ഭാര്യയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെ പറ്റി ഇവർക്കും അറിവുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിച്ചേക്കും.
കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തി കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന് ജോസഫ് (51), ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന് കുര്യന് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

