Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിക്കാർക്ക് വിവരം ചോരാതിരിക്കാൻ 'ബിജാപുർ' തന്ത്രം; കൈക്കൂലി പിടികൂടാൻ സിനിമാറ്റിക് ഓപറേഷൻ

text_fields
bookmark_border
അഴിമതിക്കാർക്ക് വിവരം ചോരാതിരിക്കാൻ ബിജാപുർ തന്ത്രം; കൈക്കൂലി പിടികൂടാൻ സിനിമാറ്റിക് ഓപറേഷൻ
cancel

കോട്ടയം: 'ഞാൻ കർണാടകയിലെ ബിജാപുരിലേക്കു പോകുകയാണ്' ഓഫിസിൽ നിന്നിറങ്ങുമ്പോൾ എക്സൈസ് കമീഷണർ സീറാം സംബശിവ റാവു സഹപ്രവർത്തകരോടായി പറഞ്ഞു. ഔദ്യോഗിക വാഹനവും അകമ്പടിയും ഒഴിവാക്കി കോട്ടയത്തേക്കായിരുന്നു യാത്ര. ചങ്ങനാശേരിയിലെ ബാറുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി ഇടപാടുകൾ പിടികൂടുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ഓഫിസിൽ നിന്നുതന്നെ വിവരം ചോരാതിരിക്കാനാണ് കർണാടകയിലേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയത്.

ചങ്ങനാശേരിയിലെ ബാർ മാനേജർമാരെയും ഉടമകളെയും നേരിട്ടും ഫോണിൽ വിളിച്ചും വിവരങ്ങൾ ശേഖരിച്ചു. എക്സൈസിന് ജില്ലയിൽ നേതൃത്വം നൽകുന്ന ഡെപ്യൂട്ടി കമീഷണർ എസ്. അശോക് കുമാർ ആണ് അഴിമതിക്ക് നേതൃത്വം നൽകുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എക്സൈസ് വിജിലൻസ് ഓഫിസർ കൃഷ്ണകുമാറിനെയും സംഘത്തെയും ഒപ്പം കൂട്ടി 28ന് രാത്രി ചങ്ങനാശേരിയിലെ ബാറുകളിൽ നേരിട്ടു പരിശോധന നടത്തി. തുടർന്ന് ബാറുടമയുടെയും ബാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളായ ഇടനിലക്കാരന്റെയും വീടുകളിൽ പരിശോധന നടത്തി.

റെയ്ഡ് നടക്കുമ്പോൾ, ചങ്ങനാശേരിയിലെ മറ്റൊരു ബാറുടമയുമായുള്ള പ്രശ്നങ്ങൾ തീർക്കണമെന്ന് ആവശ്യപ്പെട്ട് അശോക് കുമാർ ഇടനിലക്കാരനെ വാട്സാപ്പിൽ ഫോൺ വിളിച്ചു. വിവരം ചോർന്നതായി ഭയപ്പെട്ട്, പരിഭ്രാന്തിയോടെയുള്ള ആ ഫോൺവിളി ദൃശ്യങ്ങളും കമീഷണർ റെക്കോർഡ് ചെയ്തു. തുടർന്ന് പുലർച്ചെ ഒന്നിന് ഡെപ്യൂട്ടി കമീഷണറുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. നാലു ബാറുകളിൽ നിന്നായി ഇടനിലക്കാരൻ വഴി 55,000 രൂപ കൈപ്പറ്റിയ കാര്യം വിജിലൻസ് ഓഫിസർ, അഡിഷനൽ എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്), അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഫിനാൻസ് ഓഫിസർ എന്നിവരുടെ മുന്നിൽ വെച്ച് അശോക് കുമാർ വാമൊഴിയായി സമ്മതിച്ചു. എന്നാൽ ഇയാൾ രേഖാമൂലം ഒപ്പിടാൻ വിസമ്മതിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു.

എക്സൈസ് കമീഷണർ ഓഫിസിൽ പറഞ്ഞ ബിജാപുരിൽ നിന്നാണ് 'ഓപറേഷൻ ബിജാപുർ' എന്ന് വിജിലൻസ് നടപടിക്കു പേരു ലഭിച്ചത്. കമീഷണറുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ, അശോക് കുമാറിന്റെ ഫോണിലെ വിവരങ്ങൾ റിമോട്ട് സിസ്റ്റം വഴി ഡിലീറ്റ് ചെയ്യപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെയാണ് പ്രധാനപ്പെട്ട വിവരങ്ങളടക്കം ഫോണിൽനിന്ന് മാഞ്ഞുപോയത്. മണിക്കൂറുകൾക്കു മുമ്പ് ഫോണിൽനിന്ന് സംഘം കണ്ടെത്തിയ കാര്യങ്ങൾ പോലും വീണ്ടെടുക്കാനായില്ല.

ആദ്യം നിഷേധിച്ചെങ്കിലും സൈബർ വിദഗ്ധരുടെ സഹായത്തോടെ സാങ്കേതികമായി ഉറപ്പിച്ചതോടെ ഫോണിലെ വിവരങ്ങൾ താൻ തന്നെയാണ് മായ്ച്ചുകളഞ്ഞതെന്ന് അശോക് കുമാർ സമ്മതിച്ചു. അതോടെ തെളിവുനശിപ്പിക്കൽ കുറ്റവും ചുമത്തി. എന്നാൽ, ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ വഴി മറ്റാരെങ്കിലുമാകാം ഇതു ചെയ്തത് എന്ന സാധ്യതയും എക്സൈസ് വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Bijapur’: Cinematic Operation to Catch Bribe Takers
Next Story