കരിപ്പൂരിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്ത് സംഘം നിരീക്ഷണത്തിൽ
text_fieldsറിജില്‍, റോഷന് ആര്‍. ബാബു
കൊണ്ടോട്ടി: ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച ഒമ്പത് കോടി രൂപയുടെ കഞ്ചാവ് പിടികൂടിയത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വിദേശത്തുനിന്ന് കഞ്ചാവെത്തിച്ച യാത്രക്കാരനെ കേന്ദ്രീകരിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പിടിയിലായവരില്‍ നിന്നും യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കടക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവറില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. യാത്രക്കാരന്‍ നേരിട്ട് ഒമ്പത് കോടി രൂപയുടെ ലഹരിവസ്തു കടത്തിയത് ഗൗരവമായാണ് കാണുന്നതെന്നും സംഘത്തിലെ പ്രധാനികളുള്‍പ്പെടെയുള്ള കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ വിദേശികളുടെ പങ്കും അന്വേഷിച്ചുവരുകയാണ്. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തില്‍ നിലവില്‍ പിടിയിലായ സംഘത്തിന് വലിയ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വീര്യത്തിലും വിലയിലും മുമ്പൻ
കൊണ്ടോട്ടി: ഹൈഡ്രോപോണിക് സിസ്റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന വീര്യം കൂടിയ കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്.
വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രൂപ വരെയാണ് വില. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു. ഇത് വേഗത്തിലുള്ള വളര്‍ച്ചക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു.
ഇത്തരത്തില്‍ വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതിനാൽ ആവശ്യക്കാരും കൂടുതലാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

