ധീര ജവാൻ മുഹമ്മദ് സൈജലിന് നാടിന്‍റെ ബിഗ് സല്യൂട്ട്
text_fieldsപരപ്പനങ്ങാടി: പട്ടാള സേവന ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ലഡാക്കിൽ വെച്ച് സൈനിക ട്രക്ക് മറിഞ്ഞ് സഹപ്രവർത്തകരോടൊപ്പം വീരമൃത്യു വരിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന് സൈനിക ബഹുമതികളോടെ ജന്മ നാട്ടിൽ അന്ത്യവിശ്രമം. അങ്ങാടി ജുമ മസ്ജിദ് ഖബർസ്ഥാനിലാണ് ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക് ഖബറടക്കിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൈനിക ബഹുമതികളോടെ ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങിയ ഭൗതിക ശരീരം സൈജൽ ഉന്നത വിദ്യഭ്യാസം നേടിയ തിരൂരങ്ങാടി പി.എസ്.എം. ഒ കാമ്പസിലും ശേഷം പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലും പൊതു ദർശനത്തിന് വെച്ചു. തുടർന്ന് കെ.പി.എച്ച് റോഡിലെ കുളത്തിനടുത്തെ വീട്ടു പരിസരത്ത് പൊതു ദർശനവും ഔദ്യോഗിക സൈനിക നടപടികളും പൂർത്തിയാക്കി.
പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന മയ്യത്ത് നമസ്ക്കാരത്തിന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. നൂറു കണക്കിന് സംഘടനകൾ റീത്ത് സമർപ്പിക്കുകയും അന്ത്യാഭിവാദ്യം നേരുകയും ചെയ്തു.
മന്ത്രി വി. അബ്ദുറഹിമാൻ മാതാവിനെയും പറക്കമുറ്റാത്ത മക്കളെയും സന്ദർശിച്ച് സമാശ്വാസിപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള ആശ്വാസ പ്രഖ്യാപനങ്ങൾ കലക്ടറുടെ റിപ്പോർട്ടിന് ശേഷം ആലോചിക്കാമെന്ന് മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

