പ്രമുഖരെ വശീകരിച്ച് വലയിലാക്കാൻ ലോബി പ്രവർത്തിക്കുന്നു -ഷോൺ ജോർജ്ജ്
text_fieldsതിരുവനന്തപുരം: മന്ത്രിമാരെയും അവരുടെ മക്കളെയും ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാരെയും വലയിലാക്കാൻ ഒരു വലിയ ലോബി തന്നെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുവെന്ന് പി.സി ജോർജ്ജിൻെറ മകനും രാഷ്ട്രീയ നേതാവുമായ ഷോൺ ജോർജ്ജ്.
ഇപ്പോൾ പ്രതിപക്ഷത്തുള്ള നേതാക്കളേയും അടുത്ത മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാവുമെന്നും ഈ ലോബികൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു. തൻെറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഷോൺ േജാർജ്ജ് ഇക്കാര്യങ്ങൾ പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവ ഐ.പി.എസ്, ഐ.എ.എസ് ഓഫീസർമാർ ഇൗ കുരുക്കുകളിൽ ചെന്നു ചാടാനുള്ള സാഹചര്യം കൂടുതലാണെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. നാട്ടിൻപുറങ്ങളിൽ നിന്ന് മന്ത്രിമന്ദിരങ്ങളിലെത്തുന്ന മന്ത്രിമാരുടെ ഭാര്യമാരുേടയും മക്കളുടേയും മുമ്പിൽ അവരുെട സുഹൃത്തുക്കളായി ചമഞ്ഞ് അവർ മുഖേന മന്ത്രിമാരെ നിയന്ത്രിക്കുകയാണ് ഈ ലോബി ചെയ്യുന്നത്.
മന്ത്രിമാരുടെ മക്കൾക്ക് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എത്തിച്ചുകൊടുത്തും മറ്റുമാണ് ഈ ലോബി സ്വാധീനിക്കുന്നത്. ശ്രീരാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ് വിശ്വസിക്കുന്നതെന്നും പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം കെണികളെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നും ഷോൺ ജോർജ്ജ് പറയുന്നു.
