കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ വീണ്ടും കേന്ദ്രസംഘം എത്തുന്നു. വിമാനാപകട അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നിയോഗിച്ച ഒമ്പതംഗ സമിതിയാണ് രണ്ടാഴ്ചക്കകം കരിപ്പൂർ സന്ദർശിക്കുക. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും സർവിസ് പുനരാരംഭിക്കാൻ അനുമതി ലഭിക്കുക.
സെപ്റ്റംബർ 14നാണ് വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയുടെ നേതൃത്വത്തിൽ വ്യോമസേന മുൻ മേധാവി ഫാലിഹോമി മേജർ, ഡി.ജി.സി.എ, എ.എ.െഎ.ബി, വിമാനത്താവള അതോറിറ്റി പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞൻ, വ്യോമയാന മേഖലയിലെ വിദഗ്ധരായ അരുൺ റാവു, വിനീത് ഗുലാതി എന്നിവർ അംഗങ്ങളായി സമിതിയെ നിശ്ചയിച്ചത്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കേന്ദ്ര നിർദേശം.
എ.എ.െഎ.ബി.എ നൽകിയ 43 ശിപാർശകൾ അടക്കം പഠിച്ച് 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇൗ സമയപരിധി നവംബർ 14ന് അവസാനിച്ചിരുന്നു. രണ്ട് മാസത്തിനിടെ സമിതിയിലെ മുഴുവൻ അംഗങ്ങളും യോഗം ചേരുക പോലും ഉണ്ടായില്ല.
അതിനിടയിലാണ് വീണ്ടും രണ്ടു മാസം കൂടി സമയപരിധി അനുവദിച്ചത്. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പോലും കരിപ്പൂരിന് എതിരെ ഗുരുതര പരാമർശങ്ങളില്ല. ഇൗ സാഹചര്യത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദത്തിെൻറ ഫലമായി അനുമതി മനഃപൂർവം വൈകിക്കാനാണ് ശ്രമം നടക്കുന്നത്.
ഇതിനകം തന്നെ നിരവധി വിദഗ്ധ സംഘങ്ങളാണ് കരിപ്പൂരിലെത്തി പഠനറിപ്പോർട്ടുകൾ തയാറാക്കിയത്. ഇൗ റിപ്പോർട്ടുകളിലൊന്നും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിൽ തടസ്സങ്ങളില്ല. ലോകത്തെ പ്രമുഖ വിമാന കമ്പനികളായ എമിറേറ്റ്സ്, ഖത്തർ എയർവേസ്, സൗദി എയർലൈൻസ് എന്നിവയാണ് സർവിസിന് രംഗത്തെത്തിയത്. ഇവരുടെ സാേങ്കതിക വിഭാഗത്തിെൻറ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കരിപ്പൂരിൽ സർവിസ് നടത്തുന്നതിനായി മുന്നോട്ട് വന്നത്. ഇതിൽ സൗദിയ, ഖത്തർ എയർവേസ് എന്നിവയാണ് വീണ്ടും വലിയ വിമാനത്തിനായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) അപേക്ഷ സമർപ്പിച്ചത്.