വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിൽ വൻതീപിടിത്തം; പേപ്പർ മെഷീൻ കത്തി നശിച്ചു
text_fieldsകോട്ടയം: കേരള സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിൽ (കേരള പേപ്പർ പ്രോഡക്ട്സ്) വൻതീപിടിത്തം. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പേപ്പർമെഷീൻ പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കടുത്തുരുത്തി, വൈക്കം, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ആറോളം ഫയര്‍ യൂനിറ്റുകള്‍ ചേർന്നാണ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്. പേപ്പർ മെഷീനിന്‍റെ ഡ്രയറിന്‍റെ ഭാഗത്താണ് ആദ്യം തീ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീയും പുകയും മൂലം അടുക്കാന്‍ കഴിഞ്ഞില്ല.
വൻ തോതിൽ കരിയും ഉയർന്നു. പരിസരമാകെ കറുത്ത പുക നിറഞ്ഞു. കേബിളുകൾ കത്തിയതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു. ഇരുട്ടത്ത് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. അണക്കാന്‍ എത്തിയ പിറവം ഫയര്‍ സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ.എസ്. സുജീന്ദ്രനെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

