കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്തിയ സംഭവത്തിനു പിന്നിലെ വൻ ഗൂഢാലോചന പുറത്തുവരാനുണ്ടെന്ന് എൻ.ഐ.എ. അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ട്. സ്വർണത്തിെൻറയും ഇതിനു പിന്നിലെ പണമിടപാടും സംബന്ധിച്ച് വിശദ അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റകൃത്യത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കഴിയൂ. ഇതുവരെ ശേഖരിച്ച തെളിവുകൾ പ്രതികളുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. അപേക്ഷ വിശദമായി പരിഗണിക്കുന്നതിനാണ് കോടതി ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഞായറാഴ്ച എൻ.ഐ.എ ഓഫിസിലെത്തിച്ച ശേഷമാണ് പ്രതികളെ കോടതിയിലെത്തിച്ചത്. വൈകുന്നേരത്തോടെ റിമാൻഡ് ചെയ്തതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിെൻറ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്ത്, മലപ്പുറത്തുനിന്ന് ഞായറാഴ്ച പുലർച്ച അറസ്റ്റ് ചെയ്ത റമീസ് എന്നിവരെ എൻ.ഐ.എ സംഘം ചോദ്യംചെയ്തു.
എൻ.ഐ.എ എ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസിെൻറ ഓഫിസിലെത്തി ചോദ്യം ചെയ്തത്. റമീസിന് സ്വർണക്കടത്തിലുള്ള പങ്ക്, ഒളിവിലുള്ള ഫാസിൽ ഫരീദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. റമീസിനെ കസ്റ്റംസ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അതിനിടെ, എൻ.ഐ.എ ഓഫിസിൽ സ്വപ്നയെ കാണാൻ ഭർത്താവ് ജയശങ്കറും മക്കളും എത്തിയിരുന്നു.
Latest Video: