ബിബിൻ വധം: കൊലയാളി സംഘത്തിലെ ഒരാൾ അറസ്റ്റിൽ
text_fieldsതിരൂർ: ബി.പി അങ്ങാടിക്കടുത്ത പുളിഞ്ചോട്ടിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി തൃപ്രങ്ങോട് ആലുക്കൽ സാബിനൂലിനെയാണ് (39) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊല ആസൂത്രണം ചെയ്ത സംഘത്തിൽപെട്ട വെളിയങ്കോട് പാലപ്പെട്ടി കണ്ണാത്ത് സിദ്ദീഖിനെയും (29) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
കൃത്യത്തിൽ പങ്കെടുത്തയാൾ പിടിയിലാകുന്നത് ആദ്യമാണ്. സാബിനൂലിനെ തിങ്കളാഴ്ച രാത്രിയും സിദ്ദീഖിനെ ചൊവ്വാഴ്ച പുലർച്ചയുമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ബിബിൻ വധക്കേസിൽ ഒമ്പതാം പ്രതിയാണ് സിദ്ദീഖ്. സാബിനൂലിനെതിരെ എട്ടും സിദ്ദീഖിനെതിരെ നാലും കേസുകളുണ്ടെന്ന് പൊലീസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. തിരൂർ മജിസ്ട്രേറ്റ് അവധിയിലായതിനാൽ ചുമതലയുള്ള നിലമ്പൂർ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്. പൊലീസ് 10 ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും നിയമപരമായി തടസ്സമുള്ളതിനാൽ മജിസ്ട്രേറ്റ് അനുവദിച്ചില്ല. അതിനായി തിരൂർ കോടതിയിൽ അപേക്ഷ നൽകാൻ മജിസ്ട്രേറ്റ് നിർദേശിച്ചു.
എട്ടിന് തിരൂർ കോടതിയിൽ അപേക്ഷ നൽകി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ അറസ്റ്റ് ചെയ്ത് 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവറിനെയും (39) പൊലീസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാളെയും റിമാൻഡ് ചെയ്തു. അൻവറിനൊപ്പം അറസ്റ്റിലായ പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
