ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ഇ.ഡി വിളിപ്പിക്കും
text_fieldsകൊച്ചി: ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇ.ഡി കേസിൽ അന്വേഷണം നടത്തുന്നത്. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.
ഭൂട്ടാൻ സൈന്യം ലേലത്തിൽവെച്ച കാറുകൾ കുറഞ്ഞ വിലക്ക് വാങ്ങി നികുതി വെട്ടിച്ച് കേരളത്തിലേക്കടക്കം കടത്തിയെന്നാണ് കേസ്. തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ജി.എസ്.ടി വിഭാഗവുമാണ് അന്വേഷിക്കുക. എംബസികളുടെ പേരിൽ വ്യാജരേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാനാണ് കസ്റ്റംസ് തീരുമാനം. സംസ്ഥാന പൊലീസിന്‍റെ അന്വേഷണവും ഉണ്ടാകും.
വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും തയാറാക്കിയ രേഖകളും അനധികൃതമാണെന്ന് കസ്റ്റംസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
ഭൂട്ടാൻ സൈന്യം തള്ളിയ 200ഓളം വാഹനങ്ങൾ കേരളത്തിലടക്കം എത്തിയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾ വാങ്ങിയ ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ കൊച്ചിയിലെ വീടുകളിലടക്കം ചൊവ്വാഴ്ച കസ്റ്റംസ് മണിക്കൂറുകൾ പരിശോധന നടത്തിയത്. ഓപറേഷൻ നുംഖൂർ എന്നപേരിൽ സംസ്ഥാനത്ത് അഞ്ചു ജില്ലകളിലെ മുപ്പതോളം കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു. ബുധനാഴ്ച കുണ്ടന്നൂരിൽനിന്ന് അരുണാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർകൂടി പിടികൂടി.ദുൽഖർ സൽമാൻ ഉൾപ്പെടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. വാഹന ഡീലർ കൂടിയായ അമിത് ചക്കാലക്കലിനെ കഴിഞ്ഞദിവസം മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യംചെയ്തു.
കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾക്കുതന്നെ വിട്ടുകൊടുക്കുമെന്നറിയുന്നു. വാഹനങ്ങൾ ഉടമകൾതന്നെ സൂക്ഷിക്കണം. എന്നാൽ, നിയമനടപടി അവസാനിക്കാതെ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇവ നിയമപരമായാണ് കൊണ്ടുവന്നതെന്ന് ഉടമകൾ തെളിയിക്കേണ്ടിവരും. അല്ലെങ്കിൽ വാഹനം കണ്ടുകെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

