കോവിഡ് അതിജീവന സാക്ഷ്യമായി ബംഗ്ലാദേശിൽനിന്ന് 'ഭൂമി'
text_fieldsകൊച്ചി ബിനാലെയിൽ ബംഗ്ലാദേശിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച ‘ഭൂമി’ ഇൻസ്റ്റലേഷൻ
കൊച്ചി: കഷ്ടപ്പാടും ദുരിതവും ജീവിതസംഘർഷങ്ങളുമെല്ലാം കലക്ക് എന്നും വളക്കൂറാകുമെന്നതിന്റെ മറ്റൊരു സാക്ഷ്യമായി ബിനാലെയിലെ ‘ഭൂമി’ ഇൻസ്റ്റലേഷൻ. കോവിഡ് മഹാമാരിയിൽ പൊതുഇടങ്ങൾക്ക് പൂട്ടുവീണ് ജീവിതം വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടിയ 2020 കാലം.
തൊഴിലൊന്നുമില്ലാതെ വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ താക്കൂർഗാവിലെ ബാലിയ ഗ്രാമത്തിൽ ജീവിതം ഗുരുതര പ്രതിസന്ധിയിലായി. നിലനിൽപിന് നട്ടംതിരിഞ്ഞ മിക്കവാറുംതന്നെ കർഷകരും കരകൗശലവും മറ്റു കൈത്തൊഴിൽ ചെയ്യുന്നവരുമായ ഗ്രാമീണർക്ക് കൈത്താങ്ങാകാൻ ആസൂത്രണം ചെയ്തതാണ് ‘ഭൂമി’ സമൂഹകല പദ്ധതി.
നാലു ഗോത്രങ്ങളിലെ വെറും സാധാരണക്കാരായ ജനങ്ങളെ ഒന്നിച്ചിണക്കി ഗിദ്രീ ബാവ്‌ലി ആർട്സ് ഫൗണ്ടേഷൻ, ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ‘ഭൂമി’ പദ്ധതിയിൽ പങ്കാളികളാക്കി.അറിയപ്പെടുന്ന ബംഗ്ലാദേശി കലാകാരൻ കമറുസ്സമാൻ ഷാദിൻ ഈ ഗ്രാമീണർക്ക് സർഗാത്മക നേതൃത്വം നൽകി. 2020 മേയ് മുതൽ ആഗസ്റ്റ് വരെ ഇവർ ഒരുമിച്ച് പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് കലാവിഷ്‌കാരം നടത്തി.
ആ ശ്രേണിയിലെ ഇൻസ്റ്റലേഷനുകളിൽ ഒന്നാണ് മട്ടാഞ്ചേരി ടി.കെ.എം വെയർഹൗസിൽ ബിനാലെയുടെ ക്ഷണിക്കപ്പെട്ട കലാപ്രദർശനത്തിലുള്ളത്. പദ്ധതിയുടെ പേരുതന്നെ ഈ കാലാവതരണത്തിനും ‘ഭൂമി’.ഓരോ ഗോത്രത്തോടും ബന്ധപ്പെട്ട പരമ്പരാഗത തൊഴിൽ മേഖലകളും രീതികളും തിരിച്ചറിഞ്ഞ് ആവശ്യമായ സാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ശേഖരിക്കുകയാണ് ആദ്യം ചെയ്തതെന്ന് സമൂഹകല പദ്ധതിയിൽ പങ്കാളിയായ അകലു ബുർമാൻ പറഞ്ഞു.ഉൽപതിഷ്ണുവായ മനുഷ്യന്റെ പ്രതിരോധശേഷിയും സർഗാത്മകതയും പ്രഖ്യാപിക്കുന്നതാണ് പദ്ധതിയെന്ന് നേതൃത്വം നൽകിയ കലാകാരൻ കമറുസ്സമാൻ ഷാദിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

