സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്‍റെ പോസ്റ്ററിൽ ഭാരതാംബ; വിവാദം
text_fieldsകോട്ടയം: സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്‍റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ നടപടി വിവാദത്തിലായതോടെ പോസ്റ്റർ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. ജൂൺ 13, 14, 15 തിയതികളിൽ കോട്ടയത്തിന് സമീപം പാക്കിൽ നിടക്കുന്ന പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായാണ് പോസ്റ്റർ ഇറക്കിയത്.
ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഈ പോസ്റ്റർ മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിലടക്കം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പിൻവലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി. വിനുവാണ് പോസ്റ്റർ പിൻവലിക്കാൻ നിർദേശം നൽകിയത്. പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്നും പോസ്റ്ററിനെപ്പറ്റി വിവരം ലഭിച്ചപ്പോൾ തന്നെ അത് പിൻവലിക്കാൻ നിർദേശം നൽകിയെന്നും വി.ബി. വിനു പറഞ്ഞു.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സർക്കാർ ബഹിഷ്കരിച്ചതോടെയാണ് ഭാരതാംബ വിഷയം വിവാദമായത്. ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവർണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഇതിന് രാജ്ഭവൻ തയാറായിരുന്നില്ല. തുടർന്ന്, സ്വന്തം നിലക്ക് രാജ്ഭവനും സർക്കാറും വെവ്വേറെ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.