‘ഭാരതാംബ’; കേരളയിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം; രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിപ്പിക്കാൻ സമ്മർദമുയരും
text_fieldsതിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ സസ്പെൻഷനിലായ രജിസ്ട്രാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കെ, കേരള സര്‍വകലാശാലയിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുന്നു. സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി.സിയുടെ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ കോടതി തയാറായിരുന്നില്ല. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് താൽക്കാലിക വി.സി ഡോ. സിസ തോമസ് അവധി ദിവസമായിട്ടും ഞായറാഴ്ച യോഗം വിളിച്ചത്. കേസിൽ സര്‍വകലാശാലയുടെ അഭിപ്രായം അറിയിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി.സിക്ക് അധികാരമില്ലെന്നാണ് ഭൂരിപക്ഷം വരുന്ന ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ വാദം. രജിസ്ട്രാറുടെ നിയമനാധികാരിയും അച്ചടക്കാധികാരിയും സിൻഡിക്കേറ്റാണെന്നും അതിനാൽ വി.സിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തുള്ള നടപടി വിദേശത്തുപോയ വി.സി ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നടപടി പരിശോധിച്ച് ഉചിത തീരുമാനം സിൻഡിക്കേറ്റിനെടുക്കാം. ഈ സാഹചര്യത്തിൽ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കാനുള്ള നീക്കം ഇന്നത്തെ യോഗത്തിലുണ്ടാവാനാണ് സാധ്യത. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാല്‍ സിന്‍ഡിക്കേറ്റിന് അങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് ബി.ജെ.പി അംഗങ്ങൾ വാദിക്കുന്നു. ഈ തര്‍ക്കം ഞായറാഴ്ചത്തെ യോഗത്തിലും പ്രതിഫലിച്ചേക്കും.
ഭാരതാംബ പ്രശ്നവും അച്ചടക്കനടപടിയും സംബന്ധിച്ച് അഭിപ്രായ ഐക്യമില്ലാത്തതിനാല്‍ ഒരു പൊതുനിലപാട് സര്‍വകലാശാല അഭിഭാഷകന് കോടതിയെ അറിയിക്കാനാവില്ല. സിന്‍ഡിക്കേറ്റും വി.സിയും വെവ്വേറെ സത്യവാങ്മൂലം നല്‍കും. രജിസ്ട്രാര്‍ സ്വന്തം നിലയിലും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറെ ഇതുവരെ കേസില്‍ കക്ഷിയാക്കിയിട്ടില്ല. സര്‍വകലാശാലയുടെ ഭാഗമായി വി.സി നല്കുന്ന സത്യവാങ്മൂലം സിന്‍ഡിക്കേറ്റ് അംഗീകരിച്ചുമാത്രമേ ഫയല്‍ ചെയ്യാവൂവെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം വി.സി അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

