രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ
text_fieldsതിരുവനന്തപുരം: ഇടവേളക്ക് ശേഷം രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച, ഡോ. ജോൺ മത്തായിയുടെ ജീവചരിത്രഗ്രന്ഥ പ്രകാശന വേദിയിലാണ് ചിത്രം സ്ഥാപിച്ചത്.
മന്ത്രിമാരുടെ ഇറങ്ങിപ്പോക്കും ബഹിഷ്കരണവും ഉൾപ്പെടെ വിവാദങ്ങളെ തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ചിത്രം സ്ഥാപിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്, കേരള സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും സമാന ചിത്രം വേദിയിൽ സ്ഥാപിച്ചത്.
പുസ്തക പ്രകാശന ചടങ്ങിൽ കാലിക്കറ്റ്, കേരള വി.സിമാരായ ഡോ. പി. രവീന്ദ്രൻ, ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പി. മധു, മുസ്ലിം ലീഗ് അംഗം ഡോ. റഷീദ് അഹമ്മദ്, ബി.ജെ.പി അംഗം എ.ജെ അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന പേരിൽ സി.പി.എം അംഗങ്ങൾ പരിപാടി ബഹിഷ്ക്കരിച്ചു.
നേരത്തെ, വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത രാജ്ഭവൻ ത്രൈമാസിക ‘രാജഹംസം’ പ്രകാശന ചടങ്ങിൽ ചിത്രം സ്ഥാപിച്ചിരുന്നില്ല. അതിന് മുമ്പ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. പരിസ്ഥിതി ദിന പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

