ഭാരതാംബ വിവാദം; രാജ്ഭവന് നിയമപരമായ മറുപടി നൽകാൻ സർക്കാർ
text_fieldsതിരുവനന്തപുരം: രാജ്ഭവൻ പരിപാടികളിൽ ഭാരതാംബ എന്ന പേരിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ച് വിളക്ക് കൊളുത്തലും പുഷ്പാർച്ചനയും തുടരാൻ തീരുമാനിച്ചതോടെ, നിയമപരമായ മറുപടിക്ക് സർക്കാർ.
രാജ്ഭവനിൽ ഉൾപ്പെടെ ഔദ്യോഗിക പരിപാടികളിൽ ഇത്തരം ഭരണഘടനപരമല്ലാത്ത ചിഹ്നങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിലെ നിയമപ്രശ്നം പരിശോധിച്ച് അക്കാര്യം രാജ്ഭവനെ അറിയിക്കാനാണ് സർക്കാർ തീരുമാനം. നിയമവകുപ്പ് സെക്രട്ടറിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും എതിർപ്പ് രേഖാമൂലം അറിയിക്കുക.
നേരത്തെ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ ചിത്രം ഇടംപിടിച്ചത് വിവാദമായെങ്കിലും ഇക്കാര്യത്തിലെ വിയോജിപ്പ് സർക്കാർ ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. വിദ്യാഭ്യാസ വകുപ്പിന് കൂടി പങ്കാളിത്തമുള്ള പരിപാടിയിൽ ചിത്രം ഇടംപിടിച്ചതോടെയാണ് നിയമപരമായ നിലപാട് രാജ്ഭവനെ അറിയിക്കാൻ തീരുമാനിച്ചത്.
മതചിഹ്നങ്ങളും ചിത്രങ്ങളും രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ ഇടംപിടിക്കുന്നതിലെ നിയമപ്രശ്നം ഇതുവരെ സർക്കാർ രേഖാമൂലം അറിയിക്കാത്തതിൽ വിമർശനവും ഉയർന്നിരുന്നു.
പുതിയ സാഹചര്യത്തിൽ, സർക്കാറിന്റെ സാധ്യമായ പരിപാടികൾ രാജ്ഭവനിൽ നിന്ന് ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. ഗവർണർ കൂടി പങ്കെടുക്കേണ്ട പരിപാടികൾ രാജ്ഭവനിൽ സംഘടിപ്പിക്കേണ്ടിവരും. അത്തരം ചടങ്ങുകളിൽ ചിത്രം ഇടംപിടിക്കുമ്പോഴുണ്ടാകുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും തീരുമാനമെടുക്കേണ്ടിവരും.
ഗവർണർ രക്ഷാധികാരിയായതിനാലാണ് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണം രാജ്ഭവനിൽ നടത്തേണ്ടി വന്നത്. ചടങ്ങ് സംഘടിപ്പിക്കാൻ മുൻകൈയെടുത്തതും രാജ്ഭവനായിരുന്നു. അതേസമയം, ഗവർണർ പങ്കെടുത്ത പരിപാടിയിൽ നിന്ന് പ്രോട്ടോകോൾ തെറ്റിച്ച് മന്ത്രി ഇറങ്ങിപ്പോയതുൾപ്പെടെ ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകാനുള്ള സാധ്യതയുമുണ്ട്.
അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താനുള്ള സാധ്യതയുമുണ്ട്. പാർട്ടി, മുന്നണി തലങ്ങളിൽ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നുണ്ടെങ്കിലും പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന ലൈനിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

