പണിമുടക്ക്: കാട്ടാക്കടയിൽ ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം; വർക്കലയിൽ അധ്യാപകരുടെ മുഖത്തടിച്ചു; കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു, ചില്ല് തകർത്തു
text_fieldsദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാവങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് തടഞ്ഞ് സമരം ചെയ്യുന്നവർ
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. കല്ലേറും ജീവനക്കാർക്ക് നേരെ കൈയേറ്റവുമുണ്ടായി. കാട്ടാക്കടയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനമേറ്റു. കോഴിക്കോട്ടുനിന്ന് പാലായിലേക്ക് പോവുന്ന ബസിന് നേരെ മൂവാറ്റുപുഴയിൽ കല്ലേറുണ്ടായി. ചില്ലുകൾ തകർത്തു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് ആറ്റിങ്ങലിൽ തടഞ്ഞിട്ടു.
നെടുമങ്ങാടും ചടയമംഗലത്തും തമ്പാനൂരിലും കോഴിക്കോട് പാവങ്ങാടും ബസുകൾ തടഞ്ഞു. പണിമുടക്ക് ദിവസം ബസ് സർവിസ് ഉണ്ടാകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വന്തം മണ്ഡലമായ പത്തനാപുരത്ത് പോലും നടപ്പായില്ല. ജോലിക്ക് എത്തിയവരെ സമരക്കാർ തടഞ്ഞത് സംഘർഷാവസ്ഥക്കിടയാക്കി.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് ഒരു സർവിസ് പോലും നടത്തിയില്ല. തമ്പാനൂരിൽ ഡിപ്പോയിൽനിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ബസ് കുറുകെയിട്ടാണ് സമരക്കാർ മാർഗതടസ്സം സൃഷ്ടിച്ചത്. മിക്ക ഡിപ്പോകളിലും ബസ് സർവിസ് നടത്താനുള്ള നീക്കം സമരാനുകൂലികൾ തടഞ്ഞു. സംസ്ഥാനത്ത് നെയ്യാറ്റിൻകര ഡിപ്പോയിലാണ് കൂടുതൽ ബസുകൾ ഓപറേറ്റ് ചെയ്ത്. ഷെഡ്യൂൾ പ്രകരം നെയ്യാറ്റിൻകരയിൽനിന്ന് തമ്പാനൂരിൽ എത്തിയ ശേഷമാണ് ഇവ ഓടുന്നത്.
എന്നാൽ ഇത്തരത്തിൽ എത്തിയ അഞ്ചു ബസുകളുടെ വേ ബില്ലുകൾ സമരാനുകൂലികൾ പിടിച്ചുവെച്ചു. അതേസമയം നെയ്യാറ്റിൻകരയിൽനിന്ന് 42 സർവിസുകൾ ഓപറേറ്റ് ചെയ്തുവെന്നാണ് അധികൃതരുടെ കണക്ക്. തമ്പാനൂരിൽ യാത്രക്കാർ ഉപയോഗിക്കുന്ന ശുചിമുറികൾ പൂട്ടിയിടുന്ന സാഹചര്യവുമുണ്ടായി. പേരൂർക്കട ഡിപ്പോയിൽനിന്ന് ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യുന്നതിനായി കൊണ്ടുപോകാനുള്ള നീക്കവും സമരാനുകൂലികൾ തടഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ഇന്ധന ഔട്ട് ലെറ്റുകൾ മിക്കയിടങ്ങളിലും തുറന്നത് അടപ്പിക്കാനും ശ്രമമുണ്ടായി. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് കൊടി കെട്ടിയാണ് പമ്പ് അടപ്പിച്ചത്.
വർക്കലയിൽ രണ്ട് അധ്യാപകർക്ക് മർദനം; മണിക്കൂറുകളോളം അധ്യാപകരെ സ്കൂളിൽ തടഞ്ഞുവെച്ചു
വർക്കല: പണിമുടക്ക് ദിവസം സ്കൂളിലെത്തിയ രണ്ട് അധ്യാപകർക്ക് മർദനം. വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരായ അജീഷ് രാജ്, വിശ്വം എന്നിവർക്കാണ് മർദനമേറ്റത്. ഇടത് സംഘടന അനുകൂലികൾ മർദിച്ചെന്നാണ് പരാതി.
പണിമുടക്ക് ദിനത്തിൽ എത്തിയ അധ്യാപകർ സ്കൂളിൽ ആഹാരം പാകം ചെയ്ത് കഴിച്ചെന്നും ഇതേസമയം എത്തിയ സമരാനുകൂലികളുമായി തർക്കം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. തുടർന്ന് മണിക്കൂറുകളോളം അധ്യാപകരെ സ്കൂളിൽ തടഞ്ഞുവെക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
മടങ്ങിപ്പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ അജീഷ് രാജിനെയും വിശ്വത്തെയും സമരാനുകൂലികൾ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും മുതുകത്ത് മർദിക്കുകയും ചെയ്തു. അധ്യാപകരുടെ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

