ദേശീയ പണിമുടക്ക് പൂർണം; ജനജീവിതം സ്തംഭിച്ചു
text_fieldsദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ലോക് ഭവനിലേക്ക് നടത്തിയ മാർച്ച്
തിരുവനന്തപുരം: ലേബർ കോഡുകളടക്കം തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോകളും ടാക്സികളും ചരക്കുവാഹനങ്ങളും ഉൾപ്പെടെ നിരത്തിലിറങ്ങിയില്ല. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഡയസ്നോൺ ഭീഷണിയുണ്ടായിട്ടും സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും ഒ.പിയിലടക്കം തിരക്കില്ലായിരുന്നു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെയായിരുന്നു പണിമുടക്ക്.
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്കൂളില്‍ അധ്യാപകരെ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് അധ്യാപകരെ പൂട്ടിയിട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജോലിക്കെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പണിമുടക്ക് തലേന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഡിപ്പോകളിൽനിന്നും ബസുകളൊന്നും ഓടിയില്ല. ട്രെയിൻ സർവിസ് സാധാരണ നിലയിലായിരുന്നു.
10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് ആഹ്വാനം ചെയ്തതെങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് പണിമുടക്ക് നടത്തിയത്. ലോക്ഭവൻ മാർച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യുടെ നേതൃത്വത്തിൽ തമ്പാനൂര്‍ ആർ.എം.എസിന് മുന്നിൽ 1000 പേരടങ്ങുന്ന കൂട്ടായ്മയും സംഘടിപ്പിച്ചു. പണിമുടക്ക് ദിവസമായിട്ടും പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര മാറ്റിവെക്കാത്തതിൽ എൽ.ഡി.എഫ് നേതാക്കൾ ഉൾപ്പെടെ വിമർശനം ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

